കാബൂള്‍> വിദേശ സൈന്യങ്ങളുടെ പിന്മാറ്റത്തിനുശേഷം ദിവസങ്ങളായി അടഞ്ഞുകിടന്ന കാബൂൾ വിമാനത്താവളം സഹായമെത്തിക്കുന്നതിനായി തുറന്നു. സാങ്കേതിക വിദഗ്ധരുടെയും അധികാരികളുടെയും സഹായത്തോടെ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാക്കിയതായി അഫ്ഗാനിസ്ഥാനിലെ ഖത്തർ അംബാസഡർ പറഞ്ഞു. യാത്രാവിമാനങ്ങളും വൈകാതെ സര്‍വീസ് ആരംഭിക്കും.
അഫ്ഗാനിസ്ഥാന് സഹായമെത്തിക്കുന്നത് ചർച്ച ചെയ്യാൻ 13ന് ഐക്യരാഷ്ട്ര സംഘടന യോഗം വിളിച്ചു. ഇക്കാര്യത്തില്‍ യുഎന്നിന് സാമ്പത്തിക സഹായം നല്കാന് യുഎസും സന്നദ്ധത അറിയിച്ചു. എന്നാല്‍, താലിബാന് ഗുണകരമാകാത്ത രീതിയില്മാത്രമായിരിക്കും അമേരിക്കയുടെ സഹായം എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ചുവർച്ചിത്രങ്ങൾ മായ്ക്കുന്നു
കാബൂളിലെ തെരുവുകളിൽ അഫ്ഗാന് കലാകാരന്മാര് വരച്ച ചുവർച്ചിത്രങ്ങൾ അപ്രത്യക്ഷമാകുന്നതായി ബിബിസി
റിപ്പോര്‍ട്ട് ചെയ്തു.
വർണാഭമായ ചിത്രങ്ങള്‍ മറച്ച് അവിടെ 20 വർഷത്തിനുശേഷം യുഎസ് സൈന്യത്തെ രാജ്യത്തുനിന്ന് തുരത്തിയതിന് താലിബാനെ പ്രശംസിക്കുന്ന മുദ്രാവാക്യങ്ങൾ എഴുതിച്ചേര്‍ത്തിരിക്കുകയാണ്.