പെഷവാർ> അഫ്ഗാനിസ്ഥാനില് സർക്കാർ രൂപീകരണ പ്രഖ്യാപനം അടുത്തയാഴ്ചത്തേക്ക് മാറ്റി താലിബാന്.രാഷ്ട്രീയമേധാവി മുല്ല അബ്ദുൾ ഗനി ബറാദറിന്റെ നേതൃത്വത്തിലാകും സർക്കാരെന്ന് ഏറെക്കുറെ ഉറപ്പായെങ്കിലും അവസാനഘട്ട ചർച്ച നീളുന്നു. രണ്ടാംതവണയാണ് പ്രഖ്യാപനം മാറ്റുന്നത്.
വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ചർച്ചയാണ് പ്രഖ്യാപനം വൈകാന് കാരണമെന്ന് ചർച്ച നയിക്കുന്ന താലിബാൻ സംഘാംഗം ഖലിൽ ഹഖാനി പറഞ്ഞു. താലിബാനെമാത്രമായി അന്താരാഷ്ട്ര സമൂഹം അംഗീകരിക്കില്ലെന്ന് വ്യക്തമായതോടെയാണ് തദ്ദേശീയ വിഭാഗങ്ങളെ ഉൾപ്പെടുത്താന് ശ്രമിക്കുന്നത്. മുൻ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ സഹോദരനും ജമാഅത്തെ ഇസ്ലാമി അഫ്ഗാനിസ്ഥാൻ തലവനുമായ ഗുൾബുദ്ദിൻ ഹെക്മത്യാറും സർക്കാരിന്റെ ഭാഗമാകുമെന്നും ഹഖാനി പറഞ്ഞു. നിരവധി കൂട്ടക്കൊല ആസൂത്രണംചെയ്തിട്ടുള്ള ഹെക്മത്യാര് മുന് പ്രധാനമന്ത്രി കൂടിയാണ്.
അതേസമയം, താലിബാനെ ശക്തമായി ചെറുക്കുന്ന പഞ്ച്ശീർ പ്രവിശ്യയിൽ പോരാട്ടം ശക്തമായി തുടരുന്നു. പ്രവിശ്യ പിടിച്ചതായ വാർത്തയെത്തുടർന്ന് കാബൂളിൽ താലിബാൻകാർ ആഹ്ലാദവെടി വച്ചതിൽ 17 പേർ മരിച്ചു. 41 പേർക്ക് പരിക്കേറ്റു.പ്രവിശ്യ താലിബാൻ പിടിച്ചതായ വാർത്ത വടക്കൻ സഖ്യ നേതാക്കളിൽ ഒരാളും മുൻ അഫ്ഗാൻ വൈസ് പ്രസിഡന്റുമായ അമറുള്ള സാലിഹ് നിഷേധിച്ചു. സ്ഥിതി ആശങ്കാജനകമാണെന്നും പറഞ്ഞു.
പ്രവിശ്യയിലെ ഏതാനും ജില്ല താലിബാൻ കീഴ്പ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. അതേസമയം, പാക് ചാരസംഘടനയായ ഐഎസ്ഐ തലവൻ ലഫ്. ജന. ഫൈസ് ഹമീദ് കാബൂളിലെത്തി. താലിബാൻ സൈന്യത്തെ പുനഃസംഘടിപ്പിക്കാൻ പാക് സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.