തിരുവനന്തപുരം > കേരളത്തിലെ വാണിജ്യ വാഹനങ്ങൾക്കായി യൂബർ, ഓല മോഡലിൽ സർക്കാർ നേതൃത്വത്തിൽ ആരംഭിക്കുന്ന ഓൺലൈൻ ടാക്സി ഓട്ടോ സേവനം നവംബർ 1ന് ഉദ്ഘാടനം ചെയ്യും. തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഗതാഗതം, ഐടി, പോലിസ്, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഓൺലൈൻ ടാക്സി ഓട്ടോ സമ്പ്രദായത്തിന്റെ നിയന്ത്രണം ലേബർ കമ്മീഷണറേറ്റിനായിരിക്കും.
ഓൺലൈൻ ടാക്സി ഓട്ടോ സംവിധാനം നടപ്പിലാക്കുന്നത് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേനയാണ്. ഇതിനുള്ള സാഹചര്യങ്ങളും ബോർഡ് ഒരുക്കും. സംവിധാനത്തിന്റെ നടത്തിപ്പിലേക്കായി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് തുക ചെലവഴിക്കില്ല. എന്നാൽ പരസ്യചെലവിന് ആവശ്യമായ തുക കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മുൻകൂറായി നൽകും. ഈ തുക പദ്ധതി നടപ്പാക്കുമ്പോൾ സർക്കാരിന് ലഭിക്കുന്ന തുകയിൽ നിന്ന് തിരികെ ലഭ്യമാക്കും.
നിലവിലെ കോവിഡ് സാഹചര്യങ്ങൾ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പദ്ധതിയിൽ അംഗങ്ങളാകുന്ന വാഹനങ്ങൾക്ക് ജിപിഎസ് ഘടിപ്പിക്കേണ്ടതില്ല. പകരം സ്മാർട്ട് ഫോൺ ജിപിഎസ് നാവിഗേഷനായി ഉപയോഗിക്കാം. പൈലറ്റ് പദ്ധതി തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കും. ഇതിന് മുന്നോടിയായി ട്രയൽ റൺ നടത്തും. ലേബർ കമ്മീഷണറേയും കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിനേയും ഐ ടി ഐ ലിമിറ്റഡിനേയും ഓൺലൈൻ ടാക്സി ഓട്ടോ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ചുമതലപ്പെടുത്തി.