തിരുവനന്തപുരം > അടുക്കളപ്പണിയും ശിശുപരിപാലനവും സ്ത്രീകൾതന്നെ ചെയ്യേണ്ടതാണെന്ന പൊതുബോധം മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ‘സമം’ ക്യാമ്പയിന്റെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളിലൊന്ന് തൊഴിൽ സംബന്ധമാണ്. ഇതിന്റെ ആരംഭം വീട്ടിൽനിന്നാണ്. അടുക്കളപ്പണിക്കൊപ്പം വയോജന, ശിശുപരിപാലനവും ഇവർ നിർവഹിക്കേണ്ടിവരുന്നു. ഇതെല്ലാം സ്ത്രീകൾ ചെയ്യേണ്ടതാണെന്ന പൊതുബോധം മാറണം. ഇതിനായി വലിയ ബോധവൽക്കരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനസംഖ്യാനുപാതത്തിൽ കേരളത്തിൽ സ്ത്രീകൾ മുന്നിലാണെങ്കിലും തൊഴിൽ ശക്തിയിൽ കുറവാണ്. ഇതിൽ മാറ്റമുണ്ടാകണം. സ്ത്രീകളെ അടുക്കളയിലേക്ക് തിരിച്ചയ്ക്കാൻ തുനിഞ്ഞിരിക്കുന്ന വർഗീയശക്തികൾ സമൂഹത്തിലുണ്ട്. വിവാഹക്കമ്പോളത്തിൽ ഒരു വസ്തുവായി സ്ത്രീയെ കണക്കാക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരം സാമൂഹ്യാവസ്ഥയിലും ചില ഇടപെടലുണ്ടായി. ഇതിലൊന്നാണ് അധികാരവികേന്ദ്രീകരണം. സ്ത്രീകൾക്ക് പദ്ധതി നടപ്പാക്കാൻ ആർജവം കുറവാണെന്ന ചിന്തയെ പൊളിക്കാൻ ഇതിനായി. സ്ത്രീകൾ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ നാഴികക്കല്ലായി കുടുംബശ്രീ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി പദ്ധതി സർക്കാർ നടപ്പാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.