കോട്ടയം: കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ മദ്യവിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നീക്കത്തിനെതിരേ കെസിബിസി മദ്യവിരുദ്ധസമിതി. മദ്യക്കടകൾ തുടങ്ങാമെന്നത് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡന്റ് പ്രസാദ് കുരുവിള പറഞ്ഞു.
മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാനുള്ള നീക്കം ഒരു ഭാഗത്ത് നടക്കുമ്പോൾ മദ്യവിതരണം സുഗമമാക്കാനുള്ള നീക്കം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് ശരിയല്ല.
തീരുമാനം മദ്യം വാങ്ങാനെത്തുന്ന കുട്ടികൾക്കും സ്ത്രീകൾക്കും ഭീഷണിയാണ്. മന്ത്രിയുടെ നീക്കം കണ്ടാൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചോ എന്ന് തോന്നും. നീക്കത്തെ ചെറുത്ത് തോൽപ്പിക്കുമെന്നും കെസിബിസി പ്രസ്താവനയിൽ പറഞ്ഞു.
കെ.എസ്.ആർ.സി ബസ് സ്റ്റാന്റുകളിൽ മദ്യക്കടകൾ തുറക്കാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. കെ.എസ്.ആർ.ടി.സി കോംപ്ലക്സുകളിൽ കടമുറികൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ബെവ്കോയുടെ വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്ആർടിസിക്ക് ഉണ്ടാകുമെന്നാണ് ഗതാഗത വകുപ്പിന്റെ കണക്കുകൂട്ടൽ.