ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി വിരമിച്ചിട്ട് ഏഴ് വര്‍ഷത്തോളമാകുന്നു. ധോണി എന്തിന് വെള്ളക്കുപ്പായത്തിലെ കളി അവസാനിപ്പിച്ചു എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുകയാണ്. താരത്തിന്റെ വിരമിക്കല്‍ ഉള്‍ക്കൊള്ളാന്‍ അന്ന് സാധിച്ചിരുന്നില്ല എന്ന് ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകന്‍ രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.
“മൂന്ന് ഐസിസി ട്രോഫികള്‍ നേടിയ നായകന്‍. അന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായിരുന്നു എം.എസ്. നല്ല ഫോമിലുമായിരുന്നു അദ്ദേഹം. 100 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കാന്‍ കേവലം 10 മത്സരങ്ങള്‍ മാത്രം അകലെയുള്ളപ്പോഴായിരുന്നു വിരമിക്കല്‍,” ശാസ്ത്രി തന്റെ ബുക്കായ സ്റ്റാർഗേസിംഗ്: ദി പ്ലയേഴ്സ് ഇന്‍ മൈ ലൈഫില്‍ എഴുതി.
2014 ല്‍ ഓസ്ട്രേലിയക്കെതിരായ ബോക്സിങ് ഡെ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതിന് പിന്നാലെയായിരുന്നു ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം. “ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളായിരുന്നു എം.എസ്. അദ്ദേഹത്തിന്റെ കീഴിലാണ് ഇന്ത്യ റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്,” മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കുന്നതിന്റെ സമ്മര്‍ദം മൂലമാണ് ധോണി വിരമിക്കുന്നതെന്നായിരുന്നു ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്ത്യ നല്‍കിയ വിശദീകരണം.
“ടീമിലെ ഏറ്റവും ശാരീരിക ക്ഷമതയുള്ള മൂന്ന് കളിക്കാരില്‍ ഒരാളാണ് ധോണി. മറ്റൊന്നുമില്ലെങ്കിലും തന്റെ കരിയറില്‍ മുന്നേറുന്നതിനായി ടീമില്‍ തുടരാന്‍ അദ്ദേഹത്തിന് അവസരം ഉണ്ടായിരുന്നു. അദ്ദേഹം തുടക്ക കാലത്തെ പോലെയായിരുന്നില്ല കളിച്ചിരുന്നത്. എന്നാല്‍ ധോണിക്ക് അധികം പ്രായവുമായിരുന്നില്ല. വിരമിക്കല്‍ തീരുമാനത്തിന് ഒരു അര്‍ത്ഥമില്ലാത്തതായി തോന്നിയിരുന്നു,” ശാസ്ത്രി കുറിച്ചു.
“നേട്ടങ്ങള്‍ക്കും റെക്കോര്‍ഡുകള്‍ക്കും വേണ്ടിയല്ല കളിക്കുന്നതെന്ന് പല കളിക്കാരും പറയാറുണ്ട്. എന്നാല്‍ ചിലര്‍ അങ്ങനെയാകണമെന്നില്ല. വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ഞാന്‍ എം.എസിനെ സമീപിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിച്ചു. പക്ഷെ അദ്ദേഹം ബഹുമാനത്തോടെ എന്നെ കൂടുതല്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. അയാളുടെ തീരുമാനം നിസ്വാര്‍ത്ഥമായിരുന്നു, ശരിയായരുന്നു, ധൈര്യത്തോടെയുള്ളതായിരുന്നു,” ശാസ്ത്രി വ്യക്തമാക്കി.
“ഏറ്റവും കൂടുതല്‍ ശക്തിയുള്ള ഒരു സ്ഥാനത്ത് നിന്ന് ഇറങ്ങുക അത്ര നിസാരമല്ല. പക്ഷെ എം.എസിനത് ചെയ്യാന്‍ സാധിച്ചു. അദ്ദേഹത്തിന് പകരം വയ്ക്കാന്‍ ആരുമില്ല. എം.എസിനോളം വേഗതയുള്ളവര്‍ അദ്ദേഹത്തിന്റെ കാലത്തും അതിന് ശേഷവുമുണ്ടായിട്ടില്ല. കളിയെ നിരീക്ഷിച്ച് തീരുമാനം എടുക്കാനുള്ള ധോണിയുടെ കഴിവ് എല്ലാവര്‍ക്കുമറിയാവുന്നതാണ്. പക്ഷെ ചെറിയ തെറ്റുകള്‍ മൂലം ആരും അതിനെ പ്രശംസിക്കുന്നില്ല എന്ന് മാത്രം,” ശാസ്ത്രി അഭിപ്രായപ്പെട്ടു.
Also Read: T20 World Cup: സമ്മര്‍ദം ഇന്ത്യയ്ക്ക്, പാക്കിസ്ഥാന്‍ ജയത്തോടെ തുടങ്ങും: ബാബര്‍ അസം
The post ടെസ്റ്റ് ക്രിക്കറ്റ് അവസാനിപ്പിക്കാനുള്ള ധോണിയുടെ തീരുമാനം; വെളിപ്പെടുത്തലുമായി രവി ശാസ്ത്രി appeared first on Indian Express Malayalam.