കോഴിക്കോട്: സ്വന്തം കഴിവുകേടും കെടുകാര്യസ്ഥതയും അഴിമതിയും മറച്ചു വയ്ക്കാൻ കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഒരുപോലെ സംഘപരിവാറിനുമേൽ കുതിര കയറുന്നുവെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. കേരള പോലീസിനെതിരെ സിപിഐ നേതാവ് ആനി രാജയും ചോദ്യ പേപ്പർ വിവാദത്തിൽ മുസ്ലിംലീഗിന്റേയും പ്രതികരണങ്ങളെ സൂചിപ്പിച്ചായിരുന്നു മന്ത്രിയുടെ ഫെയ്സ്ബുക്ക് പ്രതികരണം.
ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന മട്ടിലാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണം. പോലീസിന്റെ കൊള്ളരുതായ്മക്ക് ഉത്തരവാദി സംഘപരിവാർ, ചോദ്യപ്പേപ്പറിലെ ന്യൂനപക്ഷവിരുദ്ധതയ്ക്ക് ഉത്തരവാദി സംഘപരിവാർ, തിരഞ്ഞെടുപ്പ് തോറ്റാലും ജയിച്ചാലും കാരണം സംഘപരിവാർ.സ്വന്തം കഴിവുകേടും കെടുകാര്യസ്ഥതയും അഴിമതിയും മറച്ചു വയ്ക്കാൻ കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഒരുപോലെ സംഘപരിവാറിനുമേൽ കുതിര കയറുന്നു.വി.മുരളീധരൻ പറഞ്ഞു.
അങ്ങാടിയിൽ തോറ്റതിന് ആർഎസ്എസിനോട് കലി തീർക്കുന്നത് പരിഹാസ്യമാണ്. ബിജെപിക്കും പരിവാർ സംഘടനകൾക്കും കേരളസമൂഹത്തിൽ സ്വാധീനമേറി വരുന്നു എന്ന തിരിച്ചറിവാണ് ഈ ആക്രമണത്തിന് കാരണം.
രാഷ്ട്രീയ ലാഭത്തിനു വേണ്ടി ചില പ്രത്യേക വർഗീയ ശക്തികളെ കൂട്ടുപിടിച്ച് ഭരണ-പ്രതിപക്ഷങ്ങൾ നടത്തുന്ന നെറികെട്ട രാഷ്ട്രീയമാണ് ഈ പ്രസ്താവനകൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ബാലരാമപുരത്തെ കുഞ്ഞിനോടു ചെയ്തതുപോലുള്ള ക്രൂരത കേരളപോലീസ് ആവർത്തിക്കുന്നത് പിണറായി വിജയന്റെ പിടിപ്പുകേടുമൂലമാണ്. കേരള പോലീസിന്റെ കെടുകാര്യസ്ഥതയ്ക്കും ധാർഷ്ട്യത്തിനും ആനി രാജ കുറ്റപ്പെടുത്തേണ്ടത് പിണറായി വിജയനെയാണ്.
ന്യൂനപക്ഷ വിരുദ്ധ ചോദ്യപ്പേപ്പറിന്റെ കാര്യം മുസ്ലീം ലീഗ് ചോദിക്കേണ്ടത് ശിവൻകുട്ടിയോടാണ്. ആർഎസ്എസ് കാര്യാലയത്തിലല്ല എകെജി സെന്ററിലാണ് നിങ്ങളുടെ പരാതികൾക്ക് പരിഹാരം തേടേണ്ടത്.
താലിബാൻ സർക്കാരിനെ പുകഴ്ത്തുന്നവും വാരിയംകുന്നനെ വിശുദ്ധനാക്കുന്നവരും വംശഹത്യയെ പ്രകീർത്തിക്കുന്നവരും ഭരിക്കുന്ന നാടായി കേരളം മാറിയിരിക്കുന്നു. ശബരിമല ശാസ്താവിനെ അപമാനിക്കുന്നത് ഹീറോയിസമായി അവതരിപ്പിക്കുന്ന മാധ്യമങ്ങളുടെ കാലമാണിത്.
ഭൂരിപക്ഷ സമുദായത്തിന് അരക്ഷിതാവസ്ഥ തോന്നുക സ്വാഭാവികമാണ്..അവർ ബിജെപിയിലും നരേന്ദ്രമോദിയിലും പ്രതീക്ഷയും വിശ്വാസവുമർപ്പിക്കുന്നതിൽ അസ്വസ്ഥരായിട്ട് കാര്യമില്ല…ആനി രാജയും മുസ്ലീം ലീഗും ആക്ഷേപിച്ചാൽ പരിവാർ പ്രസ്ഥാനങ്ങളുടെ പാരമ്പര്യവും വിശ്വാസ്യതയും ഒലിച്ചുപോവില്ലെന്ന് തിരിച്ചറിയണമെന്ന് മുരളീധരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.