തിരുവനന്തപുരം
കോട്ടയത്തെ ഒറ്റ ദിവസത്തെ പ്രതികരണം കൊണ്ട് തന്നെ ഹൈക്കമാൻഡിന് അപകടം മണത്തു. വാലിൽ തീപിടിച്ചപോലെ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ അടുത്ത ദിവസം കേരളത്തിലെത്തുമെന്ന് അറിയിച്ചു. പുത്തൻ നേതൃത്വത്തെകൊണ്ട് പഴയ പടക്കുതിരികളെ നേരിടാനാകില്ലെന്ന് തിരിച്ചറിവിലാണ് ഈ പിൻമാറ്റം. ഫോണിൽ പോലും വിളിച്ച് ചർച്ചയിലെന്ന നിലപാടിൽ നിന്നാണ് കേരളത്തിലേക്ക് പറക്കാൻ ഹൈക്കമാൻഡിനെ നിർബന്ധിതമാക്കിയത്. എന്നാൽ തികഞ്ഞ പക്ഷപാതിയെന്ന് എ ഐ ഗ്രൂപ്പുകൾ സോണിയാഗാന്ധിക്ക് പരാതി നൽകിയ താരിഖുമായുള്ള ചർച്ച ഫലം കാണുമോ എന്നു കാത്തിരിക്കുകയാണ് രാഷ്ട്രീയ വൃത്തങ്ങൾ.
‘ഒസി ഗ്രൂപ്പ്’ അടപടലം തകർക്കുകയെന്ന ആദ്യചുവടിൽ ഒരു പരിധിവരെ വിജയിച്ച പുതിയ ചേരി കോട്ടയത്തുയർന്ന മഹായുദ്ധ കാഹളത്തെ നേരിടാനാകാതെ മൗനിയായി.
വിവിധ ജില്ലകളിലെ മുറവിളി ഗ്രൂപ്പുകളുടെ തീ ഊതിക്കെടുത്താനാകില്ലെന്ന് ഉറപ്പിക്കുന്നു. 14 ജില്ലയിൽനിന്നും ഹൈക്കമാൻഡിന് ഗ്രൂപ്പുകളുടെ പരാതി എത്തിത്തുടങ്ങി.
‘ഒസി ’എന്ന ഉമ്മൻചാണ്ടിയുടെ പ്രധാന വക്താക്കളെയെല്ലാം അടർത്തിയെടുക്കാനായിരുന്നു ഔദ്യോഗിക നേതൃത്വത്തിന്റെ ആദ്യ ശ്രമം. സ്വന്തം തട്ടകമായ കോട്ടയത്തുപോലും ഉമ്മൻചാണ്ടിയെ അവഗണിക്കാൻ കെ സുധാകരനും കൂട്ടരും ധൈര്യം കാണിച്ചു.
ഇതിന് തിരിച്ചടിക്കുമെന്നാണ് ഉമ്മൻചാണ്ടിയുടെ പകരക്കാരനായെത്തി രമേശ് ചെന്നിത്തല കോട്ടയത്ത് പ്രഖ്യാപിച്ചത്. സംഘടനയിൽ വൻസ്വാധീനമുള്ള ഉമ്മൻചാണ്ടിയോടൊപ്പം ചെന്നിത്തലയും ചേർന്നുള്ള നീക്കം പുതിയ ചേരിക്ക് വലിയ ഭീഷണിയാകും. വെള്ളിയാഴ്ച ഡിസിസികളിൽ പുകഞ്ഞതും ഇതിന്റെ ലക്ഷണം. ഉമ്മൻചാണ്ടിയെപ്പോലൊരാളെ വേദനിപ്പിച്ചും ചവിട്ടിത്താഴ്ത്തിയും നാമെങ്ങോട്ട് പോകുന്നുവെന്നാണ് പത്തനംതിട്ടയിലെ പ്രമുഖ നേതാവ് പഴകുളം മധു ചോദിച്ചത്.