തിരുവനന്തപുരം
മുഴുവൻ ഗ്രാമപഞ്ചായത്തുകളിലെയും സേവനങ്ങൾ ജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന സിറ്റിസൺ പോർട്ടൽ തദ്ദേശമന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെത്തുന്നവരുടെ പരാതികൾ ഒഴിവാക്കുന്നതിന് സിറ്റിസൺ പോർട്ടൽ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റെ നൂറുദിന കർമപരിപാടിയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലൊന്നാണ് സിറ്റിസൺ പോർട്ടൽ നിലവിൽ വന്നതോടെ പൂർത്തീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് ലഭ്യമാക്കേണ്ട മുഴുവൻ സേവനങ്ങളും കൃത്യമായി നൽകുന്ന കുറ്റമറ്റ രീതിയിലുള്ള പ്രവർത്തനം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും.
ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച അതിനൂതന സോഫ്റ്റ്വെയർ ആപ്ലിക്കേഷനായ സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായ (ഐഎൽജിഎംഎസ്)ത്തിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ സംവിധാനമാണ് സിറ്റിസൺ പോർട്ടൽ. സെപ്തംബർ ഒന്നുമുതൽ സിറ്റിസൺ പോർട്ടൽ പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നു. പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ, സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടർ എസ് ചന്ദ്രശേഖർ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി ഐ ശ്രീവിദ്യ, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, തദ്ദേശ ഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.