കോട്ടയം
അച്ചടക്കത്തിന്റെ വാളോങ്ങിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ വീണ്ടും വെല്ലുവിളിച്ച് രമേശ് ചെന്നിത്തല. ഉമ്മൻചാണ്ടിയും താനും ഇനി ഒറ്റ രാഷ്ട്രീയ മനസ്സും ശരീരവുമായിരിക്കുമെന്ന പ്രഖ്യാപനം കൂടിയായി കോട്ടയം ഡിസിസി പ്രസിഡന്റിന്റെ സ്ഥാനമേൽക്കൽ ചടങ്ങിലെ ചെന്നിത്തലയുടെ പ്രസംഗം. ഇതോടെ വ്യാഴാഴ്ച കണ്ണൂരിൽ കെ സി വേണുഗോപാലും കെ സുധാകരനും വി ഡി സതീശനും ഉയർത്തിയ ഐക്യ ആഹ്വാനത്തിന് അൽപായുസ്സായി. എ, ഐ ഗ്രൂപ്പുകൾ സംയുക്തമായി സുധാകര –- സതീശൻ ധാർഷ്ട്യത്തിനെതിരെ പടനയിക്കുമെന്നതിന്റെ കേളികൊട്ട് കൂടിയാണ് വെള്ളിയാഴ്ച കണ്ടത്. 17 വർഷം നേതൃത്വം വഹിച്ച തങ്ങൾ സുധാകരന്റെയും സതീശന്റെയും ധാർഷ്ട്യം അംഗീകരിക്കില്ലെന്ന് ഉമ്മൻചാണ്ടിക്കുകൂടി വേണ്ടി ചെന്നിത്തല വ്യക്തമാക്കി.
ഉമ്മൻചാണ്ടി ചുമതലപ്പെടുത്തിയതുകൊണ്ടാണ് കോട്ടയത്ത് വന്നതെന്നും ചെന്നിത്തല പറഞ്ഞു. യോഗം ബഹിഷ്കരിക്കാൻ തീരുമാനിച്ച ഉമ്മൻചാണ്ടി ചെന്നിത്തലയെ പകരക്കാരനാക്കുകയായിരുന്നു. ഇത് രഹസ്യമാക്കി സൂക്ഷിച്ചു. പുതിയ ഡിസിസി പ്രസിഡന്റിനെക്കൊണ്ടും വിളിപ്പിച്ചു. ചെന്നിത്തല എത്തിയപ്പോഴാണ് പലരും ഇതറിഞ്ഞത്.
ഉമ്മൻചാണ്ടിയുടെ പ്രായത്തെ ഊന്നി ഗ്രൂപ്പ് രാഷ്ട്രീയത്തെ കാണുന്നവർക്ക് തന്റെ ചെറുപ്പം പറഞ്ഞായിരുന്നു മറുപടി. ഗ്രൂപ്പ് വിട്ട തിരുവഞ്ചൂരടക്കം 70 പിന്നിട്ടപ്പോൾ തനിക്ക് 63 എന്ന് ഓർമപ്പെടുത്തി.
ശിവദാസൻ നായർ അടക്കമുള്ളവർക്കെതിരെയുള്ള നിമിഷ നടപടി അംഗീകരിക്കില്ലെന്ന് കെ സി ജോസഫും വെളിവാക്കുന്നു. ഉമ്മൻചാണ്ടിയോട് പാർടി വിടാൻ പറഞ്ഞവർക്കെതിരെ എന്തുകൊണ്ട് നടപടിയില്ലെന്നാണ് രാജ്മോഹൻ ഉണ്ണിത്താനെ ഉന്നംവച്ചുള്ള ചോദ്യം. പാർടി കാര്യങ്ങൾ പറയാൻ താനില്ലെന്ന് ഒറ്റവാക്കിൽ പറഞ്ഞ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തടിയൂരി.