കൊച്ചി
കോവിഡ് വാക്സിൻ രണ്ടാംഡോസിന് 84 ദിവസം ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയ തെളിവുകളുടെയും വിദഗ്ധരുടെ ശുപാർശയുടെയും അടിസ്ഥാനത്തിലാണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിദേശത്ത് ജോലിക്കും പഠനത്തിനും പോകുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും ഇളവ് നൽകിയത് നിവേദനങ്ങൾ കണക്കിലെടുത്ത് വിദഗ്ധസമിതിയുടെ നിർദേശപ്രകാരമാണെന്നും ഇതിനായി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ജീവനക്കാർക്ക് രണ്ടാംഡോസ് വാക്സിൻ നൽകാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കിറ്റെക്സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. 84 ദിവസത്തെ നിബന്ധന ഇളവ് ചെയ്യുന്നതിൽ വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു.
വാക്സിൻ വാങ്ങിവച്ചിട്ട് ഇഷ്ടംപോലെ ഉപയോഗിക്കാനാണ് കമ്പനിയുടെ ശ്രമമെന്നും വാക്സിൻ നേരത്തേ വേണമെന്ന് ഒരു ജീവനക്കാരനും ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രം ആരോപിച്ചു. ജീവനക്കാർ നിവേദനം നൽകേണ്ട ആവശ്യമില്ലെന്ന് പരാമർശിച്ച കോടതി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. ജീവനക്കാർക്ക് രണ്ടാംഡോസ് നൽകാൻ ആരോഗ്യവകുപ്പ് അനുമതി നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിറ്റെക്സിന്റെ ഹർജി.