തിരുവനന്തപുരം
സർക്കാർ നടത്തുന്ന ആർടിപിസിആർ പരിശോധന സ്വകാര്യ ലാബിലേക്കും വ്യാപിപ്പിക്കാൻ ആരോഗ്യവകുപ്പ്. ജില്ലാ നിരീക്ഷണ യൂണിറ്റ് നൽകുന്ന സാമ്പിൾ സർക്കാർ ലാബിന്റെ ശേഷിക്ക് മുകളിലാണെങ്കിലാണ് സ്വകാര്യമേഖലയ്ക്ക് കൈമാറേണ്ടത്. റഫർ ചെയ്യുന്ന എംപാനൽഡ് സ്വകാര്യ/ മൊബൈൽ ആർടിപിസിആർ ലാബിനാണ് നൽകേണ്ടത്. 418 രൂപ കോവിഡ് ഫണ്ടിൽനിന്ന് ലഭ്യമാക്കും. നിശ്ചിത സമയത്തിനുള്ളിൽ ഫലം സൈറ്റിൽ അപ്ലോഡ് ചെയ്യും. ഈ വിവരങ്ങൾ ജില്ലാ നിരീക്ഷണ യൂണിറ്റ് സൂക്ഷിക്കും.
എൺപത് ശതമാനത്തിനു മുകളിൽ ആദ്യ ഡോസെടുത്ത ജില്ലകളിൽ നേരിയ ലക്ഷണമുള്ളവരെ ആർടിപിസിആർ നടത്താൻ തീരുമാനിച്ചിരുന്നു. സ്വകാര്യ ലാബിലെ പരിശോധനാ കിറ്റിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധന നടത്തും. ഇതിനായി കൂടുതൽ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നുണ്ട്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിലാണ് പുതിയ തീരുമാനം.