സാന്റിയാഗോ
ലാറ്റിനമേരിക്കൻ മേഖലാ ലോകകപ്പ് ഫുട്ബോൾ യോഗ്യതാമത്സരത്തിൽ ബ്രസീലും അർജന്റീനയും മുന്നോട്ട്. ബ്രസീൽ ഒരു ഗോളിന് ചിലിയെയും അർജന്റീന 3–1ന് വെനസ്വേലയെയും കീഴടക്കി. ഞായറാഴ്ച നടക്കുന്ന മുഖാമുഖത്തിനുമുമ്പുള്ള ഒരുക്കംകൂടിയായി ബ്രസീലിനും അർജന്റീനയ്ക്കും ഈ പ്രകടനം.
സാന്റിയാഗോയിൽ പകരക്കാരൻ എവെർട്ടൺ റിബയ്റോ നേടിയ ഗോളിലാണ് ബ്രസീൽ ചിലിയെ വീഴ്ത്തിയത്. ഏഴു കളിയിൽ 21 പോയിന്റാണ് ബ്രസീലിന്. ഏഴാംജയത്തോടെ അവർ ഒന്നാംപടിയിൽ തുടർന്നു. നെയ്മർ ഉൾപ്പെട്ട മുന്നേറ്റനിരയ്ക്ക് ആദ്യഘട്ടങ്ങളിൽ തിളങ്ങാനായില്ല. ഇംഗ്ലീഷ് ലീഗിൽ കളിക്കുന്ന പ്രധാന താരങ്ങൾ ബ്രസീൽ നിരയിലുണ്ടായില്ല.
ചിലി ആറാം സ്ഥാനത്താണ്.
അർജന്റീന ലൗതാരോ മാർട്ടിനെസ്, ജോക്വിൻ കൊറിയ, ഏയ്ഞ്ചൽ കൊറിയ എന്നിവരുടെ ഗോളിനാണ് വെനസ്വേലയെ കീഴടക്കിയത്. ക്യാപ്റ്റൻ ലയണൽ മെസിക്ക് തിളങ്ങാനായില്ല. 15 പോയിന്റുമായി രണ്ടാംസ്ഥാനത്താണ് നിലവിലെ കോപ ചാമ്പ്യൻമാർ.