സ്റ്റോക്-ഹോം
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ സ്പെയ്നിന് അപ്രതീക്ഷിത തോൽവി. സ്വീഡൻ 2–1ന് വീഴ്ത്തി. 1993നുശേഷം ആദ്യമായാണ് സ്പെയ്ൻ യോഗ്യതാ റൗണ്ടിൽ തോൽക്കുന്നത്. 66 മത്സരങ്ങളിൽ തോൽവിയറിഞ്ഞിരുന്നില്ല.
യൂറോ ചാമ്പ്യൻമാരായ ഇറ്റലിയെ ബൾഗേറിയ തളച്ചു (1–1). റൊമേലു ലുക്കാക്കുവിന്റെ ഇരട്ടഗോൾ മികവിൽ ബൽജിയം 5–2ന് എസ്റ്റോണിയയെ തകർത്തു. ഇംഗ്ലണ്ടും വൻജയം നേടി. ഹംഗറിയെ നാല് ഗോളിനാണ് തോൽപ്പിച്ചത്. പോളണ്ട് അൽബേനിയയെ 4–1ന് കീഴടക്കി.
ആദ്യ രാജ്യാന്തര മത്സരത്തിനിറങ്ങിയ കാർലോസ് സോളെറുടെ ഗോളിൽ മുന്നിലെത്തിയ സ്പെയ്ൻ പെട്ടെന്ന് സ്വീഡനോട് വഴങ്ങി. അലെക്സാണ്ടർ ഇസാക്ക് സമനില ഗോളടിച്ചു. രണ്ടാംപകുതിയിൽ ഡെയാൻ കുലുസെവ്സ്കി സ്വീഡന്റെ വിജയഗോളും നേടി.
ഗ്രൂപ്പ് ബിയിൽ രണ്ടാംസ്ഥാനത്താണ് സ്പെയ്ൻ. ഇറ്റലിക്കായി ബൾഗേറിയക്കെതിരെ ഫെഡെറികോ കിയേസ തുടക്കത്തിൽ ഗോളടിച്ചു. എന്നാൽ അതാൻസ് ഇലിയേവ് ബൾഗേറിയക്ക് സമനിലയൊരുക്കി. ഇറ്റലി തോൽവിയറിയാതെ 35 മത്സരം പൂർത്തിയാക്കി.