ദി ഓവൽ
ഒല്ലീ പോപ്പിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്സ് ലീഡ്. 290 റണ്ണാണ് നേടിയത്. 99 റൺ ലീഡ്. പോപ്പ് 81 റണ്ണെടുത്തു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 191നാണ് അവസാനിച്ചത്.
രണ്ടാംദിനം രണ്ടാം ഇന്നിങ്സിൽ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്ണെടുത്തിട്ടുണ്ട്. രോഹിത് ശർമയും (20) ലോകേഷ് രാഹുലുമാണ് (22) ക്രീസിൽ. 56 റൺ പിന്നിലാണ് ഇന്ത്യ. ഒരുഘട്ടത്തിൽ 5–62 റണ്ണെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ, പോപ്പും ജോണി ബെയർസ്റ്റോയും ചേർന്നുള്ള പ്രത്യാക്രമണത്തിൽ ഇന്ത്യൻ ബൗളിങ് നിര ചിതറി. ആറാംവിക്കറ്റിൽ 89 റണ്ണാണ് പിറന്നത്.
ബെയർസ്റ്റോയെ (37) വിക്കറ്റിനുമുന്നിൽ കുരുക്കി മുഹമ്മദ് സിറാജ് ഇന്ത്യക്ക് ആശ്വാസം നൽകിയെങ്കിലും പിന്നീടെത്തിയ മൊയീൻ അലി പിടിച്ചുനിന്നു. പോപ്പുമായി ചേർന്ന് 71 റണ്ണാണ് കൂട്ടിച്ചേർത്തത്. രവീന്ദ്ര ജഡേജയാണ് (35) അലിയെ മടക്കിയത്. പോപ്പിനെ ശർദുൾ താക്കൂർ പുറത്താക്കിയെങ്കിലും അവസാന ഘട്ടത്തിൽ ക്രിസ് വോക്സ് (50) തകർത്തടിച്ചു. വോക്സ് റണ്ണൗട്ടാവുകയായിരുന്നു. ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് നേടി. ബുമ്രയും ജഡേജയും രണ്ട് വീതം വിക്കറ്റെടുത്തു.