തിരുവനന്തപുരം
നവംബർ ഒന്നിനുമുമ്പ് ഒരുലക്ഷത്തിലധികം പേർക്ക് മുൻഗണനാ റേഷൻ കാർഡ് നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. പ്രതിമാസ ഫോൺ ഇൻ പരിപാടിയിലെ പരാതികൾ പരിശോധിച്ചശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുൻഗണനാ കാർഡുകൾക്കായി നിരവധി അപേക്ഷയാണ് ലഭിക്കുന്നത്. ഇതിനകം 11,230 പേർക്ക് എഎവൈ കാർഡ് നൽകി. ഭിന്നശേഷിക്കാരായ കുട്ടികളെ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിന് നാലുചക്ര വാഹനം സ്വന്തമായുള്ളതിന്റെ പേരിൽ മുൻഗണനാ റേഷൻ കാർഡുകൾ നിഷേധിക്കില്ല. മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചതിന്റെ പേരിൽ പിഴ ഈടാക്കാനുള്ള നടപടികൾ നിർത്തിവയ്ക്കും. അനധികൃതമായി കൈവശംവച്ചവർ തിരികെ ഏൽപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണിത്.
9495998223 നമ്പരിൽ പരാതികൾ അറിയിക്കാം. പരാതിക്കാരുടെ പേരും വിവരം രഹസ്യമായിരിക്കും. താലൂക്ക് സപ്ലൈ ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകളിലും പരാതികളിലും രേഖാമൂലം മറുപടി നൽകും. റേഷനിങ് ഇൻസ്പെക്ടർമാർ കടകളിൽ പരിശോധന നടത്തുന്നതിന് 15 മുതൽ പുതുക്കിയ മാനദണ്ഡം നിലവിൽ വരും. വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിൽ റേഷൻ കടകളിൽ വെള്ള അരിക്ക് പകരം കുത്തരി ലഭ്യമാക്കിയതായി മന്ത്രി അറിയിച്ചു.