ചാലക്കുടി
കൊരട്ടിയിലും എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിലും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ സംഭവത്തിലെ പ്രധാനി പൊലീസ് പിടിയിൽ. മലപ്പുറം കോട്ടക്കൽ പുന്നക്കോട്ടിൽ മുഹമ്മദ് സലിമിനെയാണ്(37) അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. മുഹമ്മദ് സലീമാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിനായി പണം മുടക്കിയതും നേതൃത്വം നല്കിയതും. നേരത്തെ അറസ്റ്റിലായ മൂന്ന് പേരും ഇയാളുടെ സഹായികളാണ്. എന്നാൽ സലീമിന്റെ കേരളത്തിലെ പ്രവർത്തനത്തിൽ കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണത്തിൽ തെളിയുന്നത്.
രണ്ട് മാസം മാത്രമാണ് ഇയാൾ എറണാകുളത്തും കൊരട്ടിയിലും പ്രവർത്തിച്ചിരുന്നുള്ളൂ. ബംഗളൂരുവിൽ സമാന കേസിൽ മറ്റൊരു സംഘത്തെ പിടിച്ചതോടെ ഇവർ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. അന്വേഷണത്തിൽ ഇവർക്ക് തീവ്രവാദ സംഘടനകളായോ മറ്റ് രാജ്യദ്രോഹ പ്രവർത്തനങ്ങളുമായോ ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടില്ല. പെരുമ്പാവൂർ, കളമശേരി, പാതാളം, ആലുവ, അത്താണി, കൊരട്ടി എന്നിവിടങ്ങളിലായിരുന്നു സമാന്തര എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നത്. സലീം ആലുവയിലെ ഫ്ലാറ്റിലിരുന്നാണ് പ്രവർത്തിച്ചിരുന്നത്. മറ്റിടങ്ങളിൽ സഹായികൾക്ക് ചുമതല നല്കി. ദുബായിൽ അധ്യാപകനായിരുന്ന സലീം പിന്നീട് തുണി വ്യാപാരവും നടത്തി. ദുബായിൽ വച്ചാണ് സമാന്തര എക്സ്ചേഞ്ച് മേഖലയിലേക്ക് തിരിഞ്ഞത്. എറണാകുളത്തെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ടീം ചാലക്കുടിയിലെത്തി സലീമിനെ ചോദ്യം ചെയ്തു.