ന്യൂഡൽഹി
പാട്ടക്കരാർ വ്യവസ്ഥ ലംഘിച്ചതിനെത്തുടർന്ന് നെല്ലിയാമ്പതിയിലെ 250 ഏക്കറോളംവരുന്ന ബിയാട്രിസ് എസ്റ്റേറ്റ് ഭാഗം തിരിച്ചുപിടിച്ച സംസ്ഥാന സർക്കാർ നടപടി ശരിവച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, എ എസ് ബൊപ്പണ്ണ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. തിരിച്ചുപിടിക്കൽ അസാധുവാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കി. നെല്ലിയാമ്പതി കൊച്ചിൻ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിൽ ഇടപെട്ടില്ല.
ബിയാട്രിസ് എസ്റ്റേറ്റിന്റെ 245.5 ഏക്കർ ഏലം, കാപ്പി കൃഷി*ക്കായി 1953ലാണ് ലേലത്തിൽ പാട്ടത്തിന് നൽകിയത്. ആ സമയം പാട്ടക്കരാർ ഒപ്പിട്ടിരുന്നില്ല. 1979ൽ ജോസഫ് ആൻഡ് കമ്പനിയുമായി സർക്കാർ പാട്ടക്കരാർ ഒപ്പുവച്ചു. മാനേജിങ് പാർട്ണറായ കെ കെ ജോസഫാണ് ഒപ്പുവച്ചത്. 1983ൽ എസ്റ്റേറ്റിന്റെ ഭാഗമായ 50 ഏക്കർ ജോസഫ് വിറ്റു. ഇത് പാട്ടക്കരാർ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ തിരിച്ചുപിടിക്കൽ നടപടി തുടങ്ങിയത്.
സർക്കാർ അറിയാതെയുള്ള വിൽപ്പന പാട്ടക്കരാറിലെ 14–-ാം വ്യവസ്ഥയുടെ ലംഘനമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എസ്റ്റേറ്റ് തിരിച്ചുപിടിച്ച നടപടി ശരിവച്ച കോടതി, ഭൂമി കൈവശംവച്ച കാലയളവിലെ ആദായം കമ്പനിക്ക് അവകാശപ്പെട്ടതാണെന്ന് അറിയിച്ചു. സർക്കാരിനായി ജയ്ദീപ് ഗുപ്ത, സംസ്ഥാന കോൺസൽ ജി പ്രകാശ്, എം എൽ ജിഷ്ണു എന്നിവർ ഹാജരായി. ജോസഫ് ആൻഡ് കമ്പനിക്കായി തോമസ് പി ജോസഫും പ്രശാന്ത് പത്മനാഭനും ഹാജരായി.