കാബൂൾ
അഫ്ഗാനിസ്ഥാനിൽ ഇറാൻ മാതൃകയിൽ സർക്കാർ രൂപീകരിക്കാൻ താലിബാൻ. രാഷ്ട്രീയ മേധാവിയും താലിബാൻ സഹ സ്ഥാപകനുമായ മുല്ല അബ്ദുൾ ഗനി ബറാദർ സർക്കാരിനെ നയിക്കും. താലിബാന്റെ ആത്മീയ ആചാര്യൻ മുല്ല ഹെബത്തുള്ള അഖുൻസാദ പരമോന്നത നേതാവാകും. ഇദ്ദേഹമാകും പ്രസിഡന്റ്, സേനാത്തലവൻ തുടങ്ങിയവരെ നിയമിക്കുക. നയപരമായ കാര്യങ്ങളിൽ അന്തിമ തീരുമാനവും ഇദ്ദേഹത്തിന്റേതാകും. വെള്ളി നടത്താനിരുന്ന പ്രഖ്യാപനം അവസാന നിമിഷം ശനിയിലേക്ക് മാറ്റിയതായി താലിബാൻ വക്താവ് സബിബുള്ള മുജാഹിദ് അറിയിച്ചു.
മന്ത്രിസഭയെ സംബന്ധിച്ചും അന്തിമതീരുമാനമായി. രാഷ്ട്രങ്ങളുമായി താലിബാനുവേണ്ടി ചർച്ച നയിക്കുന്ന ദോഹ സംഘത്തിന്റെ 80 ശതമാനവും മന്ത്രിസഭയിൽ ഇടംനേടും. ഇവരും തദ്ദേശീയ വിഭാഗ നേതാക്കളും ഉൾപ്പെടുന്ന ‘ഷൂറ’ കൗൺസിലിനാകും ഭരണനിർവഹണച്ചുമതല. ഇതിൽ സ്ത്രീപ്രാതിനിധ്യം ഉണ്ടാകില്ല. ഹഖാനി ശൃംഖലയിലെ നേതാക്കള്ക്ക് സർക്കാരിൽ പ്രാതിനിധ്യം ഉണ്ടാകും. അഫ്ഗാനിലെ യുദ്ധപ്രഭുവായി വിശേഷിപ്പിക്കപ്പെട്ട ഗുല്ബുദ്ദീന് ഹെക്മത്യാര് ഭരണസമിതിയില് ഉണ്ടാകും. മുന് ഭരണാധികാരികളായ ഹമീദ് കര്സായി, അബ്ദുള്ള അബ്ദുള്ള തുടങ്ങിയവരും ഭരണസമിതിയില് ഉണ്ടായേക്കുമെങ്കിലും പ്രധാന ചുമതലകള് ലഭിച്ചേക്കില്ല.
പുതിയ ഭരണഘടനയുടെ അടിസ്ഥാനത്തിൽ സർക്കാർ രൂപീകരണം പൂർത്തിയാകുംവരെ ഇടക്കാല സർക്കാർ രാജ്യത്തെ നയിക്കും. പ്രവിശ്യകളിലും ജില്ലകളിലും ഗവർണർമാരെ നിയമിക്കും. പുതിയ ദേശീയപതാക, ദേശീയഗാനം എന്നിവയിൽ തീരുമാനമായിട്ടില്ലെന്ന് താലിബാൻ നേതാവ് ഇമാനുള്ള സമൻഗാനി പറഞ്ഞു.
ആരാണ് മുല്ല അബ്ദുള് ഗനി ബറാദര്
മുല്ല മുഹമ്മദ് ഒമറിനൊപ്പം താലിബാന് സ്ഥാപിച്ചു. നിലവില് താലിബാന്റെ രാഷ്ട്രീയസമിതിയുടെ തലപ്പത്ത്. 1968ല് തെക്കന് അഫ്ഗാനിലെ ഉറുസ്ഗാന് പ്രവിശ്യയില് പഷ്തൂണ് ഗോത്രത്തില് ജനനം. ചെറുപ്പകാലത്ത് സോവിയറ്റ് സൈന്യത്തിനെതിരെ ഒളിയുദ്ധം നടത്തുന്ന സായുധസംഘത്തില് ചേര്ന്നു. റഷ്യന് പിന്മാറ്റത്തെതുടര്ന്ന് കാണ്ഡഹാറില് മുല്ല ഒമറിനൊപ്പം മദ്രസ ആരംഭിച്ച് താലിബാന് രൂപംനല്കി. 1996ല് താലിബാന് അധികാരത്തിലെത്തുന്നതില് നിര്ണായക പങ്കുവഹിച്ചു. പ്രതിരോധസഹമന്ത്രിയായി. അമേരിക്കന് ഇടപെടലില് താലിബാന് വീണതോടെ ഒളിവില് പോയെങ്കിലും സംഘടനയെ നയിച്ചു. അമേരിക്കന് സമ്മര്ദത്തെതുടര്ന്ന് 2010ല് കറാച്ചിയില്വച്ച് ഐഎസ്ഐ അറസ്റ്റ് ചെയ്തു. ട്രംപ് ഭരണകൂടം താലിബാനുമായി ചര്ച്ച തുടങ്ങിയതോടെ 2018ല് മോചനം. ദോഹയില് അമേരിക്കന് പ്രതിനിധികളുമായുള്ള ചര്ച്ചയില് താലിബാന് സംഘത്തെ നയിച്ചു. മറ്റ് ലോകനേതാക്കളുമായി താലിബാനുവേണ്ടി നേരിട്ട് ചര്ച്ചനടത്തി.
അഫ്ഗാനില് ഇത്രപെട്ടെന്ന് വിജയം ഉണ്ടാകുമെന്ന് കരുതിയില്ല, ഇനി രാജ്യം ഭരിക്കണം, അതാണ് ശരിയായ പരീക്ഷണം-. ആഗസ്ത് 15ന് താലിബാൻ കാബൂൾ പിടിച്ചപ്പോള് മുല്ല ബറാദറിന്റെ ആദ്യ പ്രതികരണം ഇങ്ങനെ.
ആശങ്കയിൽ അഫ്ഗാൻ മാധ്യമങ്ങൾ
താലിബാൻ സർക്കാർ രൂപീകരിക്കാനൊരുങ്ങവെ, കടുത്തനിയന്ത്രണം ഭയന്ന് അഫ്ഗാൻ മാധ്യമങ്ങൾ. ചില കര്ശന നിര്ദേശങ്ങള് ഇതിനോടകം താലിബാന് നല്കിയിട്ടുണ്ട്. തുർക്കി സീരിയലുകളുടെ സംപ്രേഷണം സ്വകാര്യ ചാനലുകൾ നിർത്തി. ചില ചാനലുകൾ വനിതാ അവതാരകരെ നിലനിർത്തിയിട്ടുണ്ടെങ്കിലും ഏതുനിമിഷവും ആക്രമണം പ്രതീക്ഷിച്ച് കഴിയുകയാണ് മാധ്യമലോകമാകെ.
സ്ത്രീകളോട് ഉൾപ്പെടെയുള്ള സമീപനം മാറിയെന്നു കാണിക്കാൻ താലിബാൻ നേതാക്കൾ ടോളോ ന്യൂസിലെ വനിതാ മാധ്യമപ്രവർത്തക ബെഹിഷ്ത അർഗാന്ദിന് അഭിമുഖം നൽകി. എന്നാൽ, അടുത്ത ദിവസം തന്നെ മാധ്യമപ്രവർത്തക ഖത്തറിലേക്ക് നാടുവിട്ടു. ജൂലൈയിൽ കൊലചെയ്യപ്പെട്ട ഡാനിഷ് സിദ്ദിഖി ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകരുടെ ഓർമ മായാതെ നിൽക്കവെ, സ്വയരക്ഷയ്ക്കായി നൂറുകണക്കിനു മാധ്യമപ്രവർത്തകർ പലായനം ചെയ്തെന്നാണ് റിപ്പോർട്ട്.
അതേസമയം, വെസ്റ്റേൺ യൂണിയൻപോലുള്ള വിദേശനാണയ വിനിമയ ഏജൻസികൾക്ക് രാജ്യത്ത് തുടർന്നും പ്രവർത്തിക്കാമെന്ന് താലിബാൻ വ്യക്തമാക്കി.