തിരുവനന്തപുരം
സർക്കാർ ഓഫീസുകളിൽ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചാക്കി ചുരുക്കണമെന്ന് ശമ്പളപരിഷ്കരണ കമീഷൻ. ഇതിനായി പ്രവൃത്തിസമയം രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാക്കാം. കേന്ദ്രത്തെപ്പോലെ ലീവ് നിജപ്പെടുത്തി അവധി ദിവസത്തിന്റെ എണ്ണം കുറയ്ക്കണം. അവശ്യഘട്ടത്തിൽ വീട്ടിലിരുന്നു ജോലി ചെയ്യുന്നരീതി വേണം. ജീവനക്കാരുടെ വിരമിക്കൽ പ്രായം 57 ആക്കണം. ഇതുവഴി വിരമിക്കൽ ആനുകൂല്യം ഒരുവർഷം നീട്ടിവച്ച് സർക്കാരിന്റെ സാമ്പത്തികബാധ്യത കുറയ്ക്കാം.
പൊതുജനസേവനം മികച്ചതാക്കാൻ ഡിജിറ്റലൈസേഷൻ നടപ്പാക്കണം. സേവനാവകാശനിയമം ഫലപ്രദമാക്കാൻ ചീഫ് കമീഷണറെയും ജനസമ്പർക്കമുള്ള ഓഫീസുകളിൽ പബ്ലിക് കോണ്ടാക്ട് ഓഫീസറെയും നിയമിക്കണം. ഓരോ വകുപ്പിന്റെയും ഏജൻസിയുടെയും ലക്ഷ്യം, പ്രവൃത്തി, ചുമതല എന്നിവ പരിശോധിക്കാൻ സിവിൽ സർവീസ് റിവ്യൂ മിഷൻ രൂപീകരിക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.















