തിരുവനന്തപുരം
കോൺഗ്രസിലെ പുതിയ ചേരി കണ്ണൂരിൽ മുഴക്കിയ അച്ചടക്കവാൾ ഭീഷണിയെ തിരിച്ചടിച്ച് എ, ഐ ഗ്രൂപ്പുകൾ. അച്ചടക്കം എല്ലാവർക്കും ബാധകമാണെന്നു പറഞ്ഞ കെ സുധാകരനോട് ആ വിരട്ടൽ ഇങ്ങോട്ടുവേണ്ടെന്നാണ് ചെന്നിത്തല മറുപടി നൽകിയത്. പുതിയ നേതൃത്വത്തിന്റെ ‘അച്ചടക്ക’പാരമ്പര്യത്തെയും അദ്ദേഹം പരിഹസിച്ചു.
കോട്ടയത്തെ പുതിയ ഡിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിലാണ് കെ സി വേണുഗോപാൽ വരച്ച ലക്ഷ്മണരേഖ ലംഘിച്ച് ചെന്നിത്തലയും കെ സി ജോസഫും നിറഞ്ഞാടിയത്. നിസ്സഹായരായി നോക്കിനിൽക്കാനേ പുതിയ ചേരിക്കായുള്ളൂ. അവസാനവാക്ക് കെ സുധാകരൻ അല്ലെന്ന് അരക്കിട്ടുറപ്പിക്കലിനുകൂടി ചടങ്ങ് വേദിയായി. ഉമ്മൻചാണ്ടി പങ്കെടുത്തില്ലെങ്കിലും അദ്ദേഹത്തിന്റെ പൂർണ പിന്തുണയോടെയാണ് ചെന്നിത്തല യുദ്ധമുന കൂർപ്പിച്ചത്. ഉമ്മൻചാണ്ടി വിളിച്ചിട്ടാണ് താൻ ചടങ്ങിൽ എത്തിയതെന്ന് ചെന്നിത്തല വ്യക്തമാക്കി. ഏത് ഭീഷണിയും ചെറുക്കാൻ എയും ഐയും ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കുന്നതാണ് ഇത്. ഉമ്മൻചാണ്ടി
അതിങ്ങോട്ട് വേണ്ട
അച്ചടക്കം മുൻകാലപ്രാബല്യത്തോടെ നടപ്പാക്കിയിരുന്നെങ്കിൽ ഇന്നത്തെ എത്രപേർ കോൺഗ്രസിൽ ഉണ്ടാകുമായിരുന്നെന്ന് രമേശ് ചെന്നിത്തല. അതൊന്നും ഇങ്ങോട്ടെടുക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യവേയാണ് ചെന്നിത്തലയുടെ രൂക്ഷ പ്രതികരണം. എഐസിസി ജനറൽ സെക്രട്ടറിയും വർക്കിങ് കമ്മിറ്റി അംഗവുമായ ഉമ്മൻചാണ്ടിയെ മാറ്റിനിർത്താനാകുമെന്ന് കരുതണ്ട. കോൺഗ്രസിലെ കാര്യങ്ങൾ എന്നോട് ആലോചിക്കണമെന്ന് പറയുന്നില്ല. ഞാനിപ്പോൾ നാലണ മെമ്പർ മാത്രമാണ്. എന്നാൽ ഉമ്മൻചാണ്ടി അങ്ങനെയാണോ? അദ്ദേഹത്തോട് ആലോചിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്–- ചെന്നിത്തല പറഞ്ഞു. ഉമ്മൻചാണ്ടി പാർലമെന്ററി പാർടി നേതാവും ഞാൻ കെപിസിസി പ്രസിഡന്റുമായി ഒന്നിച്ചുപ്രവർത്തിച്ചു. 2006ൽ കെ കരുണാകരനും കെ മുരളീധരനും കോൺഗ്രസ് വിട്ടു. അന്ന് ഞങ്ങളെ ഉമ്മൻ കോൺഗ്രസെന്ന് വിളിച്ചു. കരുണാകരനെയും മുരളിയെയും തിരിച്ചുകൊണ്ടുവന്നു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കുപരി പാർടി താൽപര്യം ഉയർത്തിപ്പിടിച്ചു. ഞങ്ങൾക്ക് അധികാരം കിട്ടിയപ്പോൾ ആരോടും അഹങ്കാരത്തിന്റെയോ ധാർഷ്ട്യത്തിന്റെയോ ഭാഷയിൽ സംസാരിച്ചിട്ടില്ല.
തെരഞ്ഞെടുപ്പുകളിൽ വിജയം നേടി. എന്നെ പലരും മുതിർന്ന നേതാവെന്ന് വിശേഷിപ്പിക്കുന്നു. പ്രായം 73, 74 ഒക്കെ ആയവരാണവർ. എനിക്ക് 63 കഴിഞ്ഞതേയുള്ളൂ. അത്ര പ്രായമൊന്നും ആയിട്ടില്ല–- ചെന്നിത്തല പറഞ്ഞു.
സുധാകരൻ തൂണുംചാരി നിൽക്കുന്നയാളല്ലെന്ന് വി ഡി സതീശൻ
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വഴിയിൽ തൂണുംചാരി നിൽക്കുന്നയാളല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ കോൺഗ്രസിന്റെ അവസാനവാക്ക് സുധാകരനെന്ന് പറഞ്ഞത് കെപിസിസി പ്രസിഡന്റിനെക്കുറിച്ചാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താക്കളുടെ നിയമനം സംബന്ധിച്ച വിവാദത്തിന് ഗൗരവമില്ല. മകനെ വക്താവാക്കിയത് തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിഞ്ഞിട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അച്ചടക്കം വൺവേയല്ല : കെ സി ജോസഫ്
ഉമ്മൻചാണ്ടിയെ ആക്രമിക്കാൻ ചിലർ പണം കൊടുത്ത് ആളെ ഇറക്കിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെ സി ജോസഫ്. എതിരാളികളല്ല, സ്വന്തം പാളയത്തിലുള്ളവരുടെ ഏജന്റുമാരാണ് ആളെയിറക്കിയിരിക്കുന്നത്. അദ്ദേഹം പാർടി വിടട്ടെയെന്നുവരെ ആക്ഷേപിച്ചു. ഇവർക്കെതിരെ നടപടിയില്ല. ശിവദാസൻ നായർ എന്തോ പറഞ്ഞപ്പോൾ നിമിഷങ്ങൾക്കകം നടപടിവന്നു. അച്ചടക്കം വൺവേ ട്രാഫിക്കല്ലെന്ന് നേതൃത്വം ഓർക്കണം–- കെ സി ജോസഫ് പറഞ്ഞു. ഉമ്മൻചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാൻ ആരും വളർന്നിട്ടില്ല. സർക്കാരിനെ മുൾമുനയിൽ നിർത്തിയ നേതാവായിരുന്നു ചെന്നിത്തലയെന്നും കോട്ടയത്തെ ചടങ്ങിൽ കെ സി ജോസഫ് പറഞ്ഞു.















