തിരുവനന്തപുരം> സ്മാര്ട്ട് സിറ്റി തിരുവനന്തപുരം, കേരളാ റോഡ് ഫണ്ട് ബോര്ഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില് മാനവീയം വീഥിയുടെ പുനര് നിര്മ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് സാംസ്കാരിക പ്രവര്ത്തകര് മേയര്ക്ക് നിവേദനം നല്കി. വീഥിയുടെ ഇരുഭാഗങ്ങളിലേയും ചുമരുകളിലായി ലിംഗ കാല ദേശഭേദമെന്യേ കലാകാരന്മാര് സൗജന്യമായി വരച്ച നിരവധി ചിത്രങ്ങളുണ്ട്.
ചിത്രങ്ങള് ഒരുവിധ കോട്ടവും വരാതെ അതുപോലെ തന്നെ നിലനിര്ത്താന് ആവശ്യമായ ഇടപെടല് ഉണ്ടാകണം. നിലവിലെ ചിത്രങ്ങള്ക്കുമേല് മഞ്ഞ നിറമുള്ള ചായമുപയോഗിച്ച് മാര്ക്കിങ് നടത്തിയിട്ടുണ്ട്.കലാകാരന്മാരുടെ പ്രയത്നങ്ങളെ അവമതിയ്ക്കുന്ന അത്തരം നടപടികള് ഒഴിവാക്കണം. ലളിതകലാ അക്കാദമി അവാര്ഡ് ജേതാവ് സുമേഷ് ബാല ക്യൂറേറ്റ് ചെയ്തതും വരച്ചതുമായ ചിത്രങ്ങളും ഈ വിധം വികലമാക്കപ്പെട്ടിട്ടുണ്ട്. ഇതേ ഇടത്തിലെ തുടര്ന്നുള്ള ചിത്രരചന, ശില്പ്പകലാ നിര്മ്മാണങ്ങള് എന്നിവകളെല്ലാം നിലവില് അത് നിര്വ്വഹിച്ച കലാകാര്ക്ക് മുന്ഗണന ലഭ്യമാകുന്ന നിലയിലും സര്ക്കാര് അംഗീകൃത മാനദണ്ഡങ്ങള്ക്കനുസൃതമായും ക്രമീകരിക്കപ്പെടണം.
പദ്ധതി രൂപരേഖ സ്മാര്ട്ട് സിറ്റി വെബ് സൈറ്റിലും മാനവീയം വീഥിയിലും പൊതുജനങ്ങള്ക്ക് പ്രാപ്തമാകും വിധം പ്രസിദ്ധപ്പെടുത്തണം. പുനര്നിര്മ്മാണ പ്രവൃത്തികള് സമയബന്ധിതമായി പൂര്ത്തീകരിയ്ക്കുകയും ബന്ധപ്പെട്ട ഘട്ടങ്ങള് തല്സ്ഥിതി റിപ്പോര്ട്ടായി മാനവീയം വീഥിയില് നോട്ടീസ് ബോര്ഡ് സ്ഥാപിച്ച് പ്രദര്ശിപ്പിക്കുകയും വേണം. മാനവീയം വീഥി പുനര് നവീകരണവുമായി ബന്ധപ്പെട്ട് സ്മാര്ട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് 2018 ല് നടത്തിയ ബഹുജന നിര്ദ്ദേശ അഭിപ്രായ സമാഹരണത്തില് മാനവീയം തെരുവിടം കള്ച്ചര് കളക്റ്റീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറിയ്ക്ക് ലഭ്യമായ 600 ല് പരം നിര്ദ്ദേശങ്ങള് മേയര്ക്കും സ്മാര്ട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിനും കൈമാറിയിരുന്നു.
ബന്ധപ്പെട്ട നിര്ദ്ദേശങ്ങളില് ഭൂരിപക്ഷവും രൂപരേഖയില് ഉള്പ്പെടുത്തിയ മേയര്ക്കും സ്മാര്ട്ട് സിറ്റി അധികൃതര്ക്കും മാനവീയം തെരുവിടം കള്ച്ചര് കളക്റ്റീവ് പ്രസിഡന്റ് വിനോദ് വൈശാഖി സെക്രട്ടറി കെ ജി സൂരജ് എന്നിവരുടെ നേതൃത്വത്തിലെ നിവേദക സംഘം നന്ദി അറിയിച്ചു.