തിരുവനന്തപുരം
ആഭ്യന്തരകലാപത്തെ തുടർന്ന് കോൺഗ്രസ് വിടുന്നവരെ മറ്റ് സംസ്ഥാനങ്ങളിലേതുപോലെ വലയിലാക്കാനുള്ള ബിജെപി സംസ്ഥാന നേതാക്കളുടെ ശ്രമം പൊളിഞ്ഞു. മറ്റെവിടെ പോയാലും ബിജെപിയിലേക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ് വിടുന്നവർ. രാജി പ്രഖ്യാപിച്ച പ്രമുഖനെയടക്കം ബിജെപി നേതാക്കൾ ബന്ധപ്പെട്ടെങ്കിലും നിരാശപ്പെടേണ്ടിവന്നു.
‘രാജ്യത്തുതന്നെ ബിജെപിയുടെ വളർച്ച ഇനി കീഴ്പ്പോട്ടാണ്. വലിയ വാഗ്ദാനം നൽകി അധികാരത്തിൽ വന്ന ബിജെപിക്ക് ജനജീവിതത്തിൽ എന്തെങ്കിലും മാറ്റംവരുത്താൻ കഴിഞ്ഞില്ല. കേരള നേതൃത്വത്തിലാകട്ടെ കള്ളപ്പണവും കോഴയും തമ്മിലടിയുമായി അഴിമതിക്കാരുടെ സംഘമാണ്. ഇടതുപക്ഷത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം ആർക്കും തള്ളിക്കളയാനാകില്ല’–- കോൺഗ്രസ് വിട്ട പ്രമുഖ നേതാവ് പറഞ്ഞു.
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കമുള്ള നേതാക്കളാണ് കോൺഗ്രസ് വിട്ടുവരുന്നവരെ ബിജെപിയിലേക്ക് ക്ഷണിച്ചത്. കോൺഗ്രസ് വിടുന്നവരെല്ലാം പാർടിയിലെത്തുമെന്ന് കഴിഞ്ഞദിവസം എം ടി രമേശ് പറഞ്ഞിരുന്നു. വൻതോതിൽ പണം ഒഴുക്കാനും ബിജെപി തയ്യാറായി. അതേസമയം, രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഒരുവിഭാഗം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ബിജെപിയിൽ എത്തുമെന്ന് സംഘപരിവാർ സൈബർ സംഘം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ആരെയും കിട്ടാത്തതിന്റെ പക മൂലമാണ് ബിജെപിക്കാർ ചെന്നിത്തലയ്ക്കെതിരെ വ്യാജപ്രചാരണം നടത്തുന്നതെന്ന് ഐ ഗ്രൂപ്പുനേതാവ് പറഞ്ഞു. ചെന്നിത്തലയ്ക്കെതിരെ മുമ്പും ഇത്തരം പ്രചാരണമുണ്ടായിരുന്നു.