കണ്ണൂർ
മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അവഗണിച്ച് ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള കണ്ണൂർ ഡിസിസി ഓഫീസ് ഉദ്ഘാടനച്ചടങ്ങിലും മുഴച്ചുനിന്നത് പാർടിയിലെ ഭിന്നത. ഉമ്മൻചാണ്ടിയും ചെന്നിത്തലയും വിട്ടുനിന്നതിനാൽ വിമർശം ഏകപക്ഷീയമായി. രാഹുൽ ഗാന്ധിയാണ് ഓൺലൈനായി ഉദ്ഘാടനംചെയ്തത്.
കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഹൈക്കമാൻഡിന്റെ സർവ പിന്തുണയും പ്രഖ്യാപിച്ചാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സംസാരിച്ചത്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കോൺഗ്രസിന്റെ ഉന്നത നേതാക്കാളാണെന്ന് വേണുഗോപാൽ പറഞ്ഞെങ്കിലും തുടർന്നു സംസാരിച്ച കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇവരുടെ പേര് പരാമർശിച്ചതേയില്ല.
ഓഫീസ് നിർമാണത്തിലെ അഴിമതി സംബന്ധിച്ച് ശത്രുക്കളും മിത്രങ്ങളും ഒരുപോലെ വിമർശിച്ചപ്പോൾ തളർന്നുപോയെന്ന് സുധാകരൻ പരിതപിച്ചു. മുൻ കെപിസിസി പ്രസിഡന്റും കണ്ണൂർ എംപിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ, മൂന്നര പതിറ്റാണ്ട് ഇരിക്കൂർ എംഎൽഎയായിരുന്ന കെ സി ജോസഫ് എന്നിവരും ചടങ്ങിന് എത്തിയില്ല. ഡിസിസി ഓഫീസ് പുതുക്കിപ്പണിയാൻ തീരുമാനമെടുത്ത മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന പി രാമകൃഷ്ണനെ സ്വാഗത പ്രസംഗത്തിൽപോലും പരാമർശിച്ചില്ല. കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ പി ടി തോമസ്, ടി സിദ്ദിഖ്, കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, നിയുക്ത ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് എന്നിവരും പങ്കെടുത്തു.