കാഠ്മണ്ഡു
നേപ്പാളിനെതിരായ ഒന്നാം രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യക്ക് സമനില (1–1). കാഠ്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ നേപ്പാളാണ് മുന്നിലെത്തിയത്. 36–ാംമിനിറ്റിൽ അഞ്ജൻ ബിസ്ത ലക്ഷ്യംകണ്ടു. ഇന്ത്യൻ പ്രതിരോധത്തിന്റെ പിഴവ് മുതലാക്കിയായിരുന്നു നേപ്പാൾ ഗോളടിച്ചത്.
രണ്ടാംപകുതി അനിരുദ്ധ് ഥാപ്പയിലൂടെ ഇന്ത്യ സമനില പിടിച്ചു. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഷോട്ട് നേപ്പാൾ ഗോൾകീപ്പർ കിറം ലിംബു തടുത്തിട്ടു. എന്നാൽ, ഓടിയെത്തിയ ഥാപ്പ പന്ത് വലയിലാക്കി. ലോക റാങ്കിങ്ങിൽ 168–ാമതാണ് നേപ്പാൾ. ഇന്ത്യ 105–ാംസ്ഥാനത്തും. ഞായറാഴ്ചയാണ് രണ്ടാംകളി.