ന്യൂഡൽഹി > ചേരിപ്പോര് സുലഭമായ കോൺഗ്രസിൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ ചൊല്ലിയും തർക്കം. നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പായി ഉന്നതസ്ഥാനം നൽകി പ്രശാന്ത് കിഷോറിനെ ആനയിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. എന്നാൽ ജി–-23 നേതാക്കളടക്കമുള്ളവര്‍ എതിര്‍ക്കുന്നു. തർക്കം രൂക്ഷമായതോടെ തീരുമാനം സോണിയ ഗാന്ധിക്ക് വിട്ടു.
സോണിയയും രാഹുലും പ്രിയങ്കയും പ്രശാന്ത് കിഷോറുമായി അടുത്തയിടെ കൂടിക്കാഴ്ച നടത്തി. സ്ഥാനാർഥി നിര്‍ണയ അധികാരം അടക്കമുള്ള ഉന്നതസ്ഥാനമാണ് പ്രശാന്ത് ആവശ്യപ്പെട്ടത്. ജനറൽ സെക്രട്ടറി സ്ഥാനത്തോടെയുള്ള പ്രവർത്തകസമിതി അംഗത്വമാണ് പരിഗണനയില്‍. മറ്റ് പ്രവർത്തകസമിതി അംഗങ്ങളുടെ അഭിപ്രായം അറിയാന്‍ എ കെ ആന്റണിയെയും അംബിക സോണിയെയും ചുമതലപ്പെടുത്തി.
കോൺഗ്രസിൽ മിടുക്കരായ നേതാക്കള്‍ ഉള്ളപ്പോള്‍ പുറംപണി നല്‍കേണ്ട ആവശ്യമുണ്ടോയെന്നാണ് ജി–-23 നേതാക്കള്‍ ചോദിക്കുന്നത്. ജന്മാഷ്ടമി ആഘോഷമെന്ന പേരിൽ കപിൽ സിബലിന്റെ വീട്ടിൽ തിങ്കളാഴ്ച ജി–-23 നേതാക്കൾ ഒത്തുകൂടി. ഗുലാംനബി ആസാദ്, ആനന്ദ് ശർമ, മനീഷ് തിവാരി, ശശി തരൂർ, മുകുൾ വാസ്നിക്ക്, ഭൂപീന്ദർ സിങ് ഹൂഡ, വിവേഷ് ഝങ്ക എന്നിവർ നേരിട്ടെത്തി. മറ്റുചിലർ ഓൺലൈനായി പങ്കെടുത്തു. പ്രശാന്തിന്റെ കാര്യപ്രാപ്തിയിലും നേതാക്കള്‍ സംശയമുയര്‍ത്തി.