കണ്ണൂർ > ബിജെപിയുടെ സ്വകാര്യവൽക്കരണ നയത്തോട് എതിർപ്പില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം പി. റെയിൽവേ, വിമാനത്താവളം, ഇരുമ്പ്–-ഉരുക്ക് വ്യവസായം തുടങ്ങിയ മർമ പ്രധാന മേഖലകൾ കുത്തകകൾക്ക് തീറെഴുതിക്കൊടുക്കുന്നതിൽമാത്രമാണ് വിയോജിപ്പെന്നും അദ്ദേഹം വ്യക്തമാക്കി. പുതുക്കിപ്പണിത കണ്ണൂർ ഡിസിസി ഓഫീസ് ഓൺലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു രാഹുൽ.
നോട്ടുനിരോധനവും ജിഎസ്ടിയും രാജ്യത്തെ പാവപ്പെട്ടവനെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. രാജ്യത്തെ 95 ശതമാനം ജനങ്ങളും നോട്ട് നിരോധനത്തിന്റെ തിക്തഫലം അനുഭവിച്ചു. ഗ്യാസ്, ഡീസൽ, പെട്രോൾ വിലവർധനയിലൂടെ 23 ലക്ഷം കോടി രൂപയാണ് സർക്കാർ കൊള്ളയടിച്ചത്. ക്രൂഡോയിലിൽ വില ഇടിയുമ്പോഴാണ് രാജ്യത്ത് ഇന്ധനവില കുതിച്ചുകയറുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.