തിരുവനന്തപുരം > സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തില് അഴിച്ചുപണി. ജില്ലാ കലക്ടര്മാക്കും മാറ്റമുണ്ട്. വനിതാ ശിശു വികസനവകുപ്പ് ഡയറക്ടർ ടി വി അനുപമയെ പട്ടികവർഗ വികസന ഡയറക്ടറായി മാറ്റിനിയമിച്ചു. പ്രവേശന പരീക്ഷാ കമീഷണറുടെ അധിക ചുമതലയുണ്ടാകും.
ഐടിവകുപ്പ് ഡയറക്ടർ മുഹമ്മദ് വൈ സഫറുള്ളയെ കേരള ജിഎസ്ടിവകുപ്പ് സ്പെഷ്യൽ കമീഷണറാക്കി. ധന (വിഭവ) വകുപ്പ് സെക്രട്ടറിയുടെയും ഇ–-ഹെൽത്ത് പ്രോജക്ട് ഡയറക്ടറുടെയും അധിക ചുമതലയുണ്ടാകും.
സർവേയും ലാൻഡ് റെക്കോഡ്സും വകുപ്പ് ഡയറക്ടർ ശ്രീറാം സാംബശിവ റാവുവിന് കെഎസ്ടിപി പ്രോജക്ട് ഡയറക്ടറുടെ പൂർണ അധിക ചുമതലയും കേരള റോഡ് ഫണ്ട് ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചുമതലയും നൽകും. കെഎസ്ഐടിഐഎല്ലിന്റെ എംഡിയും ഇദ്ദേഹമാണ്.
വയനാട് കലക്ടർ അദീലാ അബ്ദുള്ളയെ വനിതാ ശിശു വികസനവകുപ്പ് ഡയക്ടറാക്കി. ജെൻഡർ പാർക്ക് സിഇഒ, ലോട്ടറി ഡയറക്ടർ ചുമതലകളും വഹിക്കും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എസ് ഷാനവാസിനെ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സിഇഒയാക്കി. വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റി, കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി എന്നിവയുടെ എംഡിയായും പ്രവർത്തിക്കും.
കൊല്ലം കലക്ടർ അബ്ദുൾ നാസറിനെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറാക്കി. സിപിഎംയു ഡയറക്ടർ ചുമതലയുമുണ്ട്. സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. ഡി സജിത്തിന് ലാൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതലകൂടി നൽകി.
മലപ്പുറം കലക്ടർ കെ ഗോപാലകൃഷ്ണനെ എംപ്ലോയ്മെന്റ് ആൻഡ് ട്രെയ്നിങ് ഡയറക്ടറാക്കി.
കണ്ണൂർ കലക്ടർ ടി വി സുഭാഷിനെ കൃഷിവികസന, കർഷകക്ഷേമവകുപ്പ് ഡയറക്ടറായി നിയമിച്ചു. ഐടി മിഷൻ ഡയറക്ടർ എസ് ചന്ദ്രശേഖരനാണ് കണ്ണൂർ കലക്ടർ. എംപ്ലോയ്മെന്റ് ആൻഡ് ട്രെയ്നിങ് ഡയറക്ടർ വി ആർ പ്രേംകുമാർ മലപ്പുറം കലക്ടറാകും.
എറണാകുളം ജില്ലാ വികസന കമീഷണർ അഫ്സാനാ പർവീണിനെ കൊല്ലം കലക്ടറാക്കി. പ്രവേശന പരീക്ഷാ കമീഷണർ എ ഗീത വയനാട് കലക്ടറാകും. ഹൗസിങ് കമീഷണർ എൻ ദേവിദാസിന് പിന്നോക്കവിഭാഗ വികസനവകുപ്പ് ഡയറക്ടറുടെ അധിക ചുമതലയും നൽകി. കണ്ണൂർ ജില്ലാ വികസന കമീഷണർ സ്നേഹിൽ കുമാർ സിങ്ങിനെ ഐടി മിഷൻ ഡയറക്ടറാക്കി. ഇലക്ട്രോണിക്സ് ആൻഡ് ഐടിവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പൂർണ അധിക ചുമതലയും സി–-ഡിറ്റ് ഡയറക്ടർ ചുമതലയും വഹിക്കും.