ഏറ്റുമാനൂർ > ഏറ്റുമാനൂർ മഹാദേവർ ക്ഷേത്രത്തിൽ സമർപ്പിച്ച സ്വർണ രുദ്രാക്ഷമാലയ്ക്ക് പകരം മറ്റൊരു മാലയാണ് ശ്രീകോവിലിൽ ഇപ്പോഴുള്ളതെന്ന് തിരുവിതാംകൂർ ദേവസ്വം വിജിലൻസ് റിപ്പോർട്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിന് വിജിലൻസ് എസ്പി പി ബിജോയി ബുധനാഴ്ചയാണ് റിപ്പോർട്ട് നൽകിയത്.
വിഗ്രഹത്തിൽ ചാർത്തുന്ന സ്വർണമാലയിലെ മുത്തുകൾ കാണാതായതോടെയായിരുന്നു വിജിലൻസ് അന്വേഷണം. സ്വർണം കെട്ടിയ ദുദ്രാക്ഷമാലയിലെ 81 മുത്തുകളിൽ ഒമ്പത് എണ്ണമായിരുന്നു കുറവ്.
തിരുവാഭരണങ്ങൾക്കൊപ്പം ശ്രീകോവിലിൽ സൂക്ഷിച്ച മാലയ്ക്ക് 23 ഗ്രാം തൂക്കമുണ്ട്. പുതുതായി ചുമതലയേറ്റ മേൽശാന്തി പത്മനാഭൻ സന്തോഷ് പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട സാമഗ്രികൾ ദേവസ്വം ബോർഡ് അധികൃതരുടെ സാന്നിധ്യത്തിൽ തിട്ടപ്പെടുത്തി നൽകണമെന്ന് ആവശ്യപ്പെട്ടപ്രകാരം നടത്തിയ പരിശോധനയിലാണ് രുദ്രാക്ഷമാലയിൽ സംശയം ഉയർന്നത്. ഏറ്റുമാനൂർ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് പ്രകാരം തുടർനടപടി സ്വീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു നേരത്തെ വ്യക്തമാക്കിയിരുന്നു.