കൊച്ചി> കൊച്ചിയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിലായി. വയനാട് സ്വദേശിയായ ജോബിന് ജോണിനെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട്ടില്‍ വെച്ചായിരുന്നു അറസ്റ്റ്. വൈകീട്ടോടെ ഇയാളെ കൊച്ചിയിലെത്തിക്കും. മാസങ്ങളായി ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡനം തുടരുകയായിരുന്നു. പെണ്‍കുട്ടിയുടെ അകന്ന ബന്ധു കൂടിയാണ് പ്രതി.
ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടി ഇന്നലെ ആശുപത്രി ശുചിമുറിയിലാണ് കുഞ്ഞിനെ പ്രസവിച്ചത്. സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ ആറുമാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിന്റെ ഭ്രൂണം കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പോക്സോ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.
വയറുവേദനയ്ക്ക് ഡോക്ടറെ കാണുന്നതിനാണ് 17കാരിയും അമ്മയും ആശുപത്രിയിലെത്തിയത്. ആറ് മാസം ഗര്‍ഭിണിയായിരുന്നു പെണ്‍കുട്ടി. വിവരമറിഞ്ഞെത്തിയ പൊലീസ് തുടര്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ പ്രാഥമിക മൊഴിയെടുത്തു.
ശുചിമുറിയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ഭ്രൂണം ആദ്യം കണ്ടത് ശുചീകരണ തൊഴിലാളികളാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാവിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയ 17വയസുകാരിയുടെ കുഞ്ഞാണിതെന്ന് ബോധ്യപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.