കൊച്ചി > മുസ്ലിം ലീഗ് ദിനപത്രമായ ‘ചന്ദ്രിക’യുടെ അക്കൗണ്ടുവഴി പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ സാമ്പത്തിക തിരിമറിയില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തെളിവുകള് കൈമാറിയെന്ന് ഡോ.കെ ടി ജലീല് എംഎല്എ. കുഞ്ഞാലിക്കുട്ടിയും മകനും കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രികയെ മറയാക്കുകയാണെന്നും ഈ കേസില് തെളിവ് നല്കാനും മൊഴിയെടുക്കാനുമാണ് തന്നെ നോട്ടീസ് നല്കി വിളിപ്പിച്ചതെന്നും കെ ടി ജലീല് മാധ്യമങ്ങളോട് വെളിപ്പെടുത്തി. കുഞ്ഞാലിക്കുട്ടിയെ വ്യാഴാഴ്ചയും അദ്ദേഹത്തിന്റെ മകന് ആഷിഖിനെ ഏഴാം തീയതിയും ഇഡി വിളിപ്പിച്ചിട്ടുണ്ടെന്നാണ് താന് മനസ്സിലാക്കുന്നതെന്നും ജലീല് കൂട്ടിച്ചേര്ത്തു.
ചന്ദ്രികയെയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി ചില നേതാക്കള് അനധികൃത ഇടപാട് നടത്തുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണിത് നടക്കുന്നത്. ഇതിനകം കൊടുത്തുകഴിഞ്ഞ രേഖകള്ക്ക് പുറമെ കുറച്ച് രേഖകള് കൂടി ആവശ്യമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആ രേഖകളും സംഘടിപ്പിച്ച് ബന്ധപ്പെട്ടവര്ക്ക് നല്കും. എ ആര് നഗര് ബാങ്ക് കള്ളപ്പണ നിക്ഷേപണ ആരോപണത്തില് ഇന്ന് മൊഴി നല്കിയില്ലെന്നും ജലീല് അറിയിച്ചു.
ചന്ദ്രികയിലെ 10 കോടിയുടെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയും ആദായ നികുതി വകുപ്പും നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. ഇന്ന് രാവിലെ 10.45 ഓടെയാണ് ജലീല് ഇ.ഡി.ഓഫീസിലെത്തിയത്.