വിളപ്പിൽശാല: നാട്ടിൽ ആരോഗ്യകേന്ദ്രം സ്ഥാപിക്കാൻ കോടികളുടെ ഭൂസ്വത്ത് ദാനംചെയ്ത നന്മ മുത്തശ്ശിക്ക് നാട് വേദനയോടെ യാത്രാമൊഴി നൽകി. വിളപ്പിൽശാല അമ്പലത്തുംവിള ജെ.സരസ്വതിഭായി(96)യുടെ വേർപാടാണ് നാടിനു ദുഃഖമായത്. അസുഖബാധിതയായി കിടപ്പിലായിരുന്ന ഇവർ ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.
കുടുംബസ്വത്തായി കിട്ടിയ ഒന്നേകാൽ ഏക്കറിൽ ഒരേക്കർ ഭൂമി വിളപ്പിൽശാലയിൽ ആശുപത്രി സ്ഥാപിക്കാൻ 1957-ൽ സരസ്വതിഭായി സൗജന്യമായി നൽകി. ബാക്കി 25-സെന്റ് പാവങ്ങൾക്കു വീടുവയ്ക്കാനും നൽകി. 1961-ൽ വിളപ്പിൽശാല ആശുപത്രി പ്രവർത്തനം തുടങ്ങിയപ്പോൾ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള, സരസ്വതിഭായിയെയും ഭർത്താവ് കൃഷ്ണപിള്ളയെയും വീട്ടിലെത്തി അഭിനന്ദിച്ചു. ഭൂമി ദാനംചെയ്തതിനു പകരമായി സർക്കാർ ജോലിയും മുഖ്യമന്ത്രി വാഗ്ദാനംചെയ്തു. സമ്പന്നതയിൽ കഴിഞ്ഞിരുന്ന കുടുംബം വർഷങ്ങൾ കഴിഞ്ഞപ്പോൾ ക്ഷയിച്ചു.
പേരക്കുട്ടിക്ക് ജോലിതേടി സരസ്വതിഭായി മന്ത്രി മന്ദിരങ്ങൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. 2013-ൽ വിളപ്പിൽശാല ആശുപത്രി സാമൂഹികാരോഗ്യകേന്ദ്രമായി ഉയർത്തി നിർമിച്ച ബഹുനില മന്ദിരത്തിന് സരസ്വതിഭായിയുടെ പേരു നൽകണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ പരിഗണിച്ചില്ല. പ്രതിഷേധമുയർന്നപ്പോൾ ആശുപത്രി ഹാളിന് സരസ്വതിഭായിയുടെ പേരു നൽകി. ആശുപത്രിയിൽ അവരുടെ ഛായാചിത്രവും സ്ഥാപിച്ചു. നന്മ മുത്തശ്ശിക്ക് നാട് പകരം നൽകിയത് ഇതുമാത്രമാണ്.
ഭർത്താവിന്റെ മരണശേഷം മകൻ റിട്ട. എസ്.ഐ. ഭദ്രകുമാറിന്റെയും മരുമകൾ ശാന്തകുമാരിയുടെയും സംരക്ഷണയിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. വിളപ്പിൽശാല ആശുപത്രിയിൽ മൃതദേഹം പൊതുദർശനത്തിനുവച്ചു. ഐ.ബി.സതീഷ് എം.എൽ.എ., ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ, സ്ഥിരം സമിതി അധ്യക്ഷൻ വിളപ്പിൽ രാധാകൃഷ്ണൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.ബുധനാഴ്ച ശാന്തികവാടത്തിലായിരുന്നു ശവസംസ്കാരം. മികച്ച ആരോഗ്യപ്രവർത്തകന് ഇവരുടെ സ്മരണയ്ക്കായി സരസ്വതിഭായി പുരസ്കാരം ഏർപ്പെടുത്തി. വിളപ്പിൽ രാധാകൃഷ്ണൻ അധ്യക്ഷനായ പുളിയറക്കോണം പ്രതീക്ഷ ട്രസ്റ്റാണ് പുരസ്കാരം നൽകുന്നത്.
content highlights: j saraswathy bhai who donated land to built hospital given last tribute