തിരുവനന്തപുരം
പെൺകുട്ടികൾക്ക് വിവാഹം കഴിക്കാൻ ‘നല്ല പ്രായം’ എന്നൊരു പ്രായമുണ്ടോ?. പ്രായപൂർത്തിയായ ഏത് സ്ത്രീക്കും വിവാഹിതരാകണോ വേണ്ടയോ, എപ്പോൾ വിവാഹം, എന്നെല്ലാം തീരുമാനിക്കാനുള്ള അവകാശമുണ്ട്. സ്ത്രീ ആയതുകൊണ്ട് ഇതുവരെ ചെയ്ത ഒരു വിട്ടുവീഴ്ചയും തുടരേണ്ടെന്ന വനിതാ ശിശുവികസനവകുപ്പിന്റെ ‘ഇനിയില്ല വിട്ടുവീഴ്ച’ ക്യാമ്പയിന് സമൂഹമാധ്യമങ്ങളിൽ പ്രചാരമേറുന്നു. സ്ത്രീസുരക്ഷാ പദ്ധതി കനലിന്റെ ഭാഗമായുള്ള ക്യാമ്പയിൻ സമൂഹം സ്ത്രീയുടെമേൽ അടിച്ചേൽപ്പിക്കുന്ന പൊതുസങ്കൽപ്പങ്ങൾ പൊളിച്ചെഴുതാനുള്ള ആഹ്വാനമാണ്. വകുപ്പിന്റെ ഫെയ്സ്ബുക് പേജിലൂടെ പങ്കുവയ്ക്കുന്ന സന്ദേശങ്ങളിൽ സ്ത്രീധനം, ഗാർഹികപീഡനം തുടങ്ങിയ പൊതുതിന്മകൾ വിഷയമാകുന്നു.
ഗാർഹികപീഡനം നേരിടുന്നവരെ ‘എങ്ങനെ ആശ്വസിപ്പിക്കാതിരിക്കാം’ എന്നതാണ് മറ്റൊരു സന്ദേശം. ഒരു തവണ ക്ഷമിക്ക്, സ്നേഹമുള്ളതുകൊണ്ടല്ലേ തുടങ്ങിയ ആശ്വാസവാക്കുകളിലൂടെ ന്യായീകരിക്കാനുള്ളതല്ല ഇത്തരം പീഡനങ്ങളെന്ന് ഇതിൽ പറയുന്നു. ‘കഴിഞ്ഞ ഡിസംബറിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് ക്യാമ്പയിൻ തുടങ്ങിയത്. പൂർണിമ ഇന്ദ്രജിത്ത്, ആര്യ ദയാൽ തുടങ്ങിയ സെലിബ്രിറ്റികളുടെ വീഡിയോയും ഹിറ്റായി.
സമൂഹമാധ്യമത്തിൽ ഇത്തരം ആശയങ്ങൾ പങ്കുവയ്ക്കുമ്പോൾ ആരോഗ്യകരമായ ചർച്ചകൾ നടക്കും. ’–- ക്യാമ്പയിന്റെ ചുമതലയുള്ള മൈത്രി പരസ്യ കമ്പനിയുടെ ഡിജിറ്റൽ ക്രിയേറ്റീവ് ഹെഡ് അജയ് സത്യൻ പറഞ്ഞു.