തിരുവനന്തപുരം
തദ്ദേശസ്ഥാപനങ്ങളുടെ ‘സിറ്റിസൺ പോർട്ടൽ’ വഴി ഓൺലൈനായി ലഭിക്കുക 43 മേഖലയിലെ 213 സേവനം. സർട്ടിഫിക്കറ്റുകൾ അടക്കമുള്ളവ ഓൺലൈനായിത്തന്നെ ലഭിക്കും. ഓരോരുത്തർക്കും പ്രത്യേകം ഇൻബോക്സ് സംവിധാനമുണ്ടാകും. സാക്ഷ്യപത്രങ്ങൾ, സാമൂഹ്യ സുരക്ഷാപെൻഷൻ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ, ലൈസൻസുകളും അനുമതികളും, കെട്ടിടങ്ങൾ, പരാതികൾ, അപ്പീലുകൾ, നികുതികൾ, വിവരാവകാശ നിയമം, നിയമ സഹായം, പൊതുസുരക്ഷ, പൊതു സൗകര്യങ്ങൾ, വികേന്ദ്രീകൃത ആസൂത്രണം, തൊഴിലുറപ്പ് പദ്ധതി എന്നിങ്ങനെ മെനുവിലാണ് സേവനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.
ആവശ്യമുള്ള സേവനത്തിൽ ക്ലിക്ക് ചെയ്താൽ അവയുമായി ബന്ധപ്പെട്ടവ സ്ക്രീനിൽ തെളിയും. മറ്റുള്ളവരുടെ അപേക്ഷയും നൽകാം. എന്നാൽ, ഉത്തരവാദിത്വം ലോഗിൻ ചെയ്യുന്ന വ്യക്തിക്കാകും. ഓരോ അപേക്ഷയ്ക്കും കൊടുക്കേണ്ട രേഖകൾ പോർട്ടലിൽ ഉണ്ടാകും. അവ അപ്ലോഡ് ചെയ്താലേ അടുത്ത ഘട്ടത്തിലേക്ക് കടക്കൂ. അനുബന്ധ രേഖകൾ ഇല്ലെങ്കിൽ അപേക്ഷ നിരസിക്കില്ല. ഫീസ് ഓൺലൈനായി അടയ്ക്കാനാവും. ഗൂഗിൾ പേ അടക്കമുപയോഗിക്കാം. അപേക്ഷ നൽകിയശേഷം ഫീസ് അടയ്ക്കേണ്ടതുണ്ടെങ്കിൽ അവയും അറിയിക്കും.
വെബ് പോർട്ടൽ വിലാസം: Citizen.lsgkeral a.gov.in
എങ്ങനെ ഉപയോഗിക്കാം
ആധാർ നമ്പർ, ആധാർ നമ്പരിലേത് പോലെ പേര്, ആധാറിൽ നൽകിയ ഫോൺ നമ്പർ, ഇ മെയിൽ ഐഡി എന്നിവ നൽകി രജിസ്റ്റർ ചെയ്യുക. താൽക്കാലിക പാസ്വേഡ് മെയിലിലും ഫോണിലും വരും. തുടർന്ന് മെയിൽ ഐഡി അല്ലെങ്കിൽ ഫോൺ നമ്പർ യൂസർ ഐഡിയായി നൽകി താൽക്കാലിക പാസ്വേഡ് ഉപയോഗിച്ച് കയറി പാസ്വേഡ് മാറ്റുക.
തുടർന്ന് ലോഗിൻ ചെയ്യുക. മെയിൽ ഐഡി അല്ലെങ്കിൽ ഫോൺ നമ്പർ ആണ് യൂസർ ഐഡി. ലോഗിൻ ചെയ്ത് സ്വന്തം പേരും വിലാസവും ചേർത്താൽ പോർട്ടൽ ഉപയോഗിച്ച് തുടങ്ങാം.
ലഭിക്കുന്ന പ്രധാന സേവനങ്ങൾ
● ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്
● ബിപിഎൽ സാക്ഷ്യപത്രം
● സാമൂഹ്യ സുരക്ഷാ പെൻഷൻ സാക്ഷ്യപത്രം
● വാർധക്യ, വിധവാ, വികലാംഗ പെൻഷൻ
●കർഷകത്തൊഴിലാളി പെൻഷൻ
● 50 വയസ്സ് കഴിഞ്ഞ വിധവകൾക്കുള്ള പെൻഷൻ
●തൊഴിൽ രഹിത വേതനം
● -ഗ്രാമപഞ്ചായത്ത് ദുരിതാശ്വാസ നിധി
● സിനിമാ പ്രദർശന ലൈസൻസ്
● -പന്നി, പട്ടി വളർത്താനുള്ള ലൈസൻസ്
● കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം, കൈവശാവകാശം
●കെട്ടിട നിർമാണ ലൈസൻസ്
● വസ്തു നികുതി, കെട്ടിട നികുതി അപ്പീലുകൾ
● തൊഴിലുറപ്പ് പദ്ധതി തൊഴിൽ കാർഡ് അപേക്ഷ