തിരുവനന്തപുരം
അപേക്ഷിക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഹയർ സെക്കൻഡറി പ്രവേശനം ഉറപ്പാക്കാൻ ഏഴ് ജില്ലയിൽ 20 ശതമാനം സീറ്റ് വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ 2021 വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് എല്ലാ വിഷയങ്ങളിലും 20 ശതമാനം സീറ്റ് അധികമായി അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
പ്രവേശനത്തിന് ബുധൻ വൈകിട്ട് അഞ്ചുവരെ 4.37 ലക്ഷം പേർ അപേക്ഷ നൽകിയിട്ടുണ്ട്. 3,98,772 വിദ്യാർഥികൾ എസ്എസ്എൽസിയും 28,363 പേർ സിബിഎസ്ഇ സിലബസിൽ പത്താംക്ലാസ് പൂർത്തിയാക്കിയവരുമാണ്. ഐസിഎസ്ഇയിൽനിന്ന് 3098ഉം ഇതരബോർഡുകളിൽനിന്ന് 7446 പേരും അപേക്ഷകരായുണ്ട്. വെള്ളിയാണ് അപേക്ഷിക്കാനുള്ള അവസാന തീയതിയെങ്കിലും നീട്ടിയേക്കും എസ്എസ്എൽസി സേ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചേക്കും.