കൊച്ചി
മരംമുറി കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മരംമുറിയുമായി ബന്ധപ്പെട്ടുയർന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കാനും വിശദ അന്വേഷണം നടത്താനും കോടതി ക്രൈംബ്രാഞ്ച് പ്രത്യേകസംഘത്തോട് നിർദേശിച്ചു. കേസ് ഡയറിയും മുദ്രവച്ച കവറിൽ ഹാജരാക്കിയ അന്വേഷണ റിപ്പോർട്ടും പരിശോധിച്ചശേഷമായിരുന്നു നടപടി.
പ്രത്യേകസംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ വേണമെന്നും ആവശ്യപ്പെട്ട് ജോർജ് വട്ടുകുളം സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.
ഈ ഘട്ടത്തിൽ അന്വേഷണ ഏജൻസിയെ മാറ്റേണ്ടതില്ലെന്ന് കോടതി വിലയിരുത്തി. പൊതുസ്വത്തിന്റെ നഷ്ടം ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ കർശന നടപടി വേണം. ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവില്ലാതെ വിലപിടിപ്പുള്ള മരങ്ങൾ മുറിക്കാനാകില്ല. വനസംരക്ഷണ നിയമവും ഭൂപതിവു നിയമവും അനുസരിച്ച് പട്ടയഭൂമിയിലെ സംരക്ഷിതമരങ്ങൾ മുറിക്കാൻ ഉടമകൾക്ക് അധികാരമില്ല. ലഭ്യമായ വിവരങ്ങളിൽനിന്ന് സർക്കാർ ഭൂമിയിലെ മരംമുറി ഗുരുതര വിഷയമാണെന്നും കോടതി പറഞ്ഞു.
ഏതെങ്കിലും ഉദ്യോഗസ്ഥരോ മറ്റുള്ളവരോ മരംമുറിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് ബോധിപ്പിച്ചു. പട്ടയഭൂമിയിലെ മരങ്ങളാണ് മുറിച്ചത്. ഉത്തരവിന്റെ മറവിൽ പ്രതികൾ കർഷകരെ കബളിപ്പിച്ചതാണെന്നും അഡ്വക്കറ്റ് ജനറൽ അറിയിച്ചു.