കൊച്ചി
നിയമോപദേശത്തിന്റെ ബലത്തിൽ തൃക്കാക്കര നഗരസഭാ കാര്യാലയത്തിലെത്തിയ ചെയർപേഴ്സൺ അജിത തങ്കപ്പൻ മൂന്നുമണിക്കൂറോളം ഓഫീസ് മുറിയിൽ പെട്ടു. പണക്കിഴി വിവാദത്തിൽ നിർണായക തെളിവായി മാറേണ്ട ചെയർപേഴ്സന്റെ ഓഫീസ് മുറിയും കംപ്യൂട്ടറുകളും വിജിലൻസിന്റെ നിർദേശപ്രകാരം നഗരസഭാ സെക്രട്ടറി സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. കീഴുദ്യോഗസ്ഥന്റെ ഉത്തരവ് അനുസരിക്കേണ്ടതില്ലെന്ന നിയമോപദേശപ്രകാരം ലഭിച്ചതിനെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെ ഓഫീസിലെത്തിയ അജിതയ്ക്ക് വനിതകളുൾപ്പെടെ പ്രതിപക്ഷാംഗങ്ങൾ ഉയർത്തിയ കനത്ത പ്രതിഷേധത്തിന്റെ ഭാഗമായി മൂന്നുമണിക്കൂറോളം മുറിയിൽനിന്ന് പുറത്തിറങ്ങാനായില്ല. ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് 10,000 രൂപവീതം വിതരണം ചെയ്ത സംഭവത്തിലെ തെളിവ് നശിപ്പിക്കാനാണ് ചെയർപേഴ്സൺ ഓഫീസിലെത്തിയതെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നത്.
കഴിഞ്ഞ ദിവസങ്ങളിലെ വിജിലൻസ് പരിശോധനയിൽ അജിത തങ്കപ്പനെതിരായ തെളിവുകൾ ലഭിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ട് ഡയറക്ടർക്ക് സമർപ്പിച്ച വിജിലൻസ് ചെയർപേഴ്സന്റെ ഓഫീസും കംപ്യൂട്ടർ ഉപകരണങ്ങളും സുരക്ഷിതമായി വയ്ക്കാൻ നഗരസഭാ സെക്രട്ടറിക്കും നിർദേശം നൽകി. അതനുസരിച്ച് ഓഫീസ് മുറിയിൽ പ്രവേശനം നിയന്ത്രിച്ച് സെക്രട്ടറി നോട്ടീസും പതിച്ചു. ഇതേത്തുടർന്ന് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അജിത ഓഫീസിൽ വന്നില്ല.
ബുധനാഴ്ച ഉച്ചയോടെ എത്തിയ അജിത തങ്കപ്പൻ, കീഴുദ്യോഗസ്ഥന്റെ ഉത്തരവ് പാലിക്കേണ്ടതില്ലെന്ന നിയമോപദേശം തനിക്ക് ലഭിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു. ചെയർപേഴ്സൺ ഓഫീസിൽ കടന്നതോടെ പ്രതിപക്ഷാംഗങ്ങൾ ഒന്നടങ്കം പുറത്ത് കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. പണക്കിഴി നൽകിയ സംഭവത്തിലെ തെളിവുകൾ നശിപ്പിക്കാനാണ് ചെയർപേഴ്സൺ എത്തിയതെന്ന് ആരോപിച്ച പ്രതിപക്ഷം അവരെ പുറത്തിറങ്ങാൻ അനുവദിച്ചില്ല. അഴിമതിക്കാരിയായ ചെയർപേഴ്സൺ രാജിവയ്ക്കുക, തെളിവു നശിപ്പിച്ചതിന് കേസെടുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രതിഷേധം. മൂന്നുമണിക്കുറോളം ഓഫീസ് മുറിയിൽ അകപ്പെട്ട ചെയർപേഴ്സൺ ഒടുവിൽ പൊലീസിനെ വിവരമറിയിച്ചു. വൈകിട്ട് അഞ്ചോടെ സ്ഥലത്തെത്തിയ പൊലീസ് പ്രതിപക്ഷാംഗങ്ങളെ ബലപ്രയോഗത്തിലൂടെ ഓഫീസിൽനിന്ന് അറസ്റ്റുചെയ്ത് നീക്കി. ഇത് അൽപ്പനേരം സംഘർഷാവസ്ഥയുണ്ടാക്കി. പൊലീസ് സുരക്ഷയിൽ പുറത്തിറങ്ങിയ അജിത തങ്കപ്പനെ പൊലീസ് വാഹനത്തിൽ വീട്ടിൽ എത്തിച്ചു. പ്രതിപക്ഷാംഗങ്ങൾ പൊലീസ് സ്റ്റേഷനിലും കുത്തിയിരുന്നു പ്രതിഷേധിച്ചു.