കൊളംബോ
ശ്രീലങ്കയിലെ പിന്നവാളയിൽ ആനകൾക്കായുള്ള അഭയകേന്ദ്രത്തിൽ ഇരട്ടകൾ പിറന്നു. ഇരുപത്തഞ്ചുകാരി സുരംഗി ആനയാണ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. അത്യപൂർവമെന്നതിനാൽ ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് ‘കൊച്ചുകൊമ്പന്മാർ’. വലിപ്പക്കുറവുണ്ടെങ്കിലും കുട്ടികൾ ആരോഗ്യവാന്മാരാണെന്ന് അഭയകേന്ദ്രം അധികൃതർ അറിയിച്ചു. 2009ൽ സുരംഗി ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.
ശ്രീലങ്കയിൽ 1941ലാണ് ഇണക്കപ്പെട്ട ആനകൾക്ക് ഇതിനുമുമ്പ് ഇരട്ടക്കുട്ടികൾ ഉണ്ടായത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽത്തന്നെ പതിറ്റാണ്ടുകൾക്കുശേഷമാണ് ഇരട്ട ആനക്കുട്ടികളുടെ പിറവി. ആനകളുടെ പ്രസവത്തിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഇരട്ടക്കുട്ടികൾക്ക് സാധ്യത. ഇന്ത്യയിൽ ഇരട്ട ആനകൾ പിറന്നിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു.
കാട്ടിൽനിന്ന് പുറത്തുവരുന്നതും പരിക്കേറ്റതുമായ ആനകളെ സംരക്ഷിക്കാൻ 1975ൽ ആരംഭിച്ചതാണ് കേന്ദ്രം. മൈൻ പൊട്ടി കാല് തകർന്നതടക്കം 81 ആനകളുണ്ട്. ഇരട്ടകളുടെ അച്ഛൻ പാണ്ഡു എന്ന പതിനേഴുകാരനും ഇവിടുത്തെ അന്തേവാസിയാണ്. ആനപ്പിണ്ഡം കൊണ്ട് പല ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതാണ് കേന്ദ്രത്തിന്റെ വരുമാനമാർഗം.