തിരുവനന്തപുരം
2020ലെ സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അശ്വതി ശ്രീകാന്താണ് മികച്ച നടി. മികച്ച നടൻ ശിവജി ഗുരുവായൂർ. ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം സീരിയലിലെ അഭിനയത്തിനാണ് അശ്വതിക്ക് പുരസ്കാരം. ഫ്ളവേഴ്സിലെ ‘കഥയറിയാതെ’ എന്ന പരമ്പരയാണ് ശിവജിക്ക് പുരസ്കാരം നേടിക്കൊടുത്തത്. മികച്ച രണ്ടാമത്തെ നടിയായി ശാലു കുര്യൻ (അക്ഷരത്തെറ്റ്) തെരഞ്ഞെടുക്കപ്പെട്ടു. ‘ചക്കപ്പഴം’ സീരിയലിലെ റാഫിയാണ് മികച്ച രണ്ടാമത്തെ നടൻ. മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പഖ്യാപിച്ചത്.
കെ സി റജിൽ സംവിധാനം ചെയ്ത കള്ളൻ മറുതയാണ് മികച്ച ടെലിഫിലിം. കള്ളൻ മറുതയ്ക്ക് തിരക്കഥ ഒരുക്കിയ കെ അർജുനാണ് മികച്ച തിരക്കഥാകൃത്ത്. കൈരളി ന്യൂസിന് രണ്ട് പുരസ്കാരം ലഭിച്ചു. മികച്ച ശാസ്ത്ര പരിസ്ഥിതി ഡോക്യുമെന്ററിയായി കൈരളി സീനിയർ ന്യൂസ് എഡിറ്റർ കെ രാജേന്ദ്രന്റെ ‘അടിമത്തത്തിന്റെ രണ്ടാം വരവ്’ അർഹമായി. ഇ മാലിന്യം സൃഷ്ടിക്കുന്ന ഗുരുതര അവസ്ഥകളെ ചിത്രീകരിക്കുന്നതാണ് ഡോക്യുമെന്ററി. മികച്ച ബയോഗ്രഫി ഡോക്യുമെന്ററിയായി കൈരളി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ ബിജു മുത്തത്തിയുടെ ‘കരിയൻ’ തെരഞ്ഞെടുക്കപ്പെട്ടു. നക്സലൈറ്റ് നേതാവ് വർഗീസിനൊപ്പം ആദിവാസി സമരങ്ങളിൽ പങ്കെടുത്തതിന് ജയിലിലടയ്ക്കപ്പെട്ട വിപ്ളവകാരി കെ കരിയന്റെ ജീവിതം പകർത്തിയതാണ് ഡോക്യുമെന്ററി.
വിദ്യാഭ്യാസ പരിപാടിക്കുള്ള മികച്ച അവതാരകനായി ഡോ.ജിനേഷ്കുമാർ എരമം അർഹനായി. കൈറ്റ് വിക്ടേഴ്സിലെ ഫസ്റ്റ് ബെല്ലിൽ കലാമണ്ഡലം ഹൈദരാലിയെ പരിചയപ്പെടുത്തിയ പരിപാടിക്കാണ് പുരസ്കാരം.
കെ രാജേന്ദ്രന്, ബിജു മുത്തത്തി, ഡോ.ജിനേഷ്കുമാർ എരമം
മറ്റ് പുരസ്കാരങ്ങൾ (കഥാവിഭാഗം):
ഹാസ്യ പരിപാടി: മറിമായം(മഴവിൽ മനോരമ), വിനോദ ടിവി ഷോ: റെഡ് കാർപ്പറ്റ് (അമൃത ടിവി), ഹാസ്യാഭിനേതാവ്-: ആർ രശ്മി (കോമഡി മാസ്റ്റേഴ്സ്), ഡബ്ബിങ് ആർട്ടിസ്റ്റ്–-ആൺ: അമ്പൂട്ടി (അക്ഷരത്തെറ്റ്, സൂര്യകാന്തി), ഡബ്ബിങ് ആർട്ടിസ്റ്റ്–-പെൺ: മീര(കഥയറിയാതെ, കൂടത്തായി), ബാലതാരം: ഗൗരി മീനാക്ഷി(ഒരിതൾ–-ദൂരദർശൻ), ഛായാഗ്രാഹകൻ: ശരൺ ശശിധരൻ (കള്ളൻ മറുത), ചിത്രസംയോജകൻ: വിഷ്ണു വിശ്വനാഥൻ(ആന്റി ഹീറോ), സംഗീത സംവിധായകൻ: വിനീഷ് മണി(അച്ഛൻ–-കേരള വിഷൻ), ശബ്ദലേഖകൻ:അരുൺ സൗണ്ട്സ് സ്കേപ്പ്(കള്ളൻ മറുത), പ്രത്യേക ജൂറി പരാമർശം–-ഹാസ്യാഭിനേതാവ്: സലിം ഹസ്സൻ(മറിമായം).
കഥേതര വിഭാഗം പുരസ്കാരങ്ങൾ: മികച്ച ഡോക്യുമെന്ററി(ജനറൽ) ദി സീ ഓഫ് എക്സറ്റസി–-സംവിധാനം നന്ദകുമാർ തോട്ടത്തിൽ, ഡോക്യുമെന്ററി (വിമൻആൻഡ് ചിൽഡ്രൻ): ഐ ആം സുധ–-സംവിധാനം റിയ ബേബി, വിദ്യാഭ്യാസ പരിപാടി: വാക്കുകളെ സ്വപ്നം കാണുമ്പോൾ (നന്ദൻ), തരിയോട്( നിർമൽ ബേബി വർഗീസ്), ഡോക്യുമെന്ററി സംവിധായകൻ: ജെ ബിബിൻ ജോസഫ്(ദി ഫ്രാഗ്മെന്റ്സ് ഓഫ് ഇല്യൂഷൻ), ന്യൂസ് ക്യാമറമാൻ: ജെയ്ജി മാത്യു(മനോരമ ന്യൂസ്), വാർത്താവതാരക: എം ജി രേണുക (നാല് മണി വാർത്ത–-ന്യൂസ് 18 കേരളം), കോമ്പിയർ/ആങ്കർ: രാജശ്രീ വാര്യർ (സൗമ്യം ശ്രീത്വം ഭാവദ്വയം–-ദുരദർശൻ), ബാബു രാമചന്ദ്രൻ–-വല്ലാത്തൊരു കഥ (ഏഷ്യാനെറ്റ് ന്യൂസ്), കമന്റേറ്റർ: സി അനൂപ് (പാട്ടുകൾക്ക് കൂടൊരുക്കിയ ഒരാൾ), ആങ്കർ/ഇന്റർവ്യൂവർ: കെ ആർ ഗോപീകൃഷ്ണൻ–-360 ഡിഗ്രി(24 ന്യൂസ്), ഇൻവസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്: മുഹമ്മദ് അസ്ലം(മീഡിയ വൺ), ടി വി ഷോ: സ്പെഷ്യൽ കറസ്പോണ്ടന്റ്( ന്യൂസ് 18 കേരളം), കുട്ടികളുടെ പരിപാടി: ഫസ്റ്റ്ബെൽ(കൈറ്റ് വിക്ടേഴ്സ്).
നിലവാരത്തകർച്ച, എൻട്രികൾ കുറവ്; 6 വിഭാഗത്തിൽ പുരസ്കാരമില്ല
സംസ്ഥാന ടെലിവിഷൻ അവാർഡിന് പരിഗണിക്കാനായി എത്തിയ എൻട്രികൾക്ക് നിലവാരത്തകർച്ചയെന്ന് ജൂറി റിപ്പോർട്ട്. നിലവാരത്തകർച്ചയും എൻട്രികൾ കുറവും കാരണം ആറ് വിഭാഗത്തിൽ ഇത്തവണ പുരസ്കാരമില്ല. നിലവാരക്കുറവ് കാരണം മികച്ച സീരിയൽ, മികച്ച രണ്ടാമത്തെ സീരിയൽ, മികച്ച സംവിധായകൻ, മികച്ച കലാസംവിധായകൻ എന്നീ വിഭാഗങ്ങൾക്ക് പുരസ്കാരം നൽകിയില്ല. കുട്ടികൾക്കായുള്ള ഹ്രസ്വചിത്രവിഭാഗത്തിൽ എൻട്രി വന്നില്ല. രചനാ വിഭാഗത്തിൽ മികച്ച പുസ്തകത്തിനുള്ള പുരസ്കാരത്തിനായി ഒരു പുസ്തകം മാത്രമാണ് ലഭിച്ചതെന്നതിനാൽ ഈ വിഭാഗത്തിനും പുരസ്കാരം നൽകിയില്ല. വീടുകളിൽ കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് കാണുന്ന മാധ്യമം എന്ന നിലയിൽ ടെലിവിഷൻ ചാനലുകൾ കൂടുതൽ ഉത്തരവാദിത്വബോധം കാണിക്കണമെന്ന് ജൂറി അഭിപ്രായപ്പെട്ടു. ജൂറി നിർദേശങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആവശ്യമായ മാറ്റങ്ങൾക്ക് നടപടിയുണ്ടാകുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.