റാന്നി > തുടർച്ചയായി അഞ്ചാംതവണയും ദേശാഭിമാനിയുടെ 511 വാർഷിക വരിസംഖ്യ സംസ്ഥാനത്ത് ആദ്യമായി പൂർത്തീകരിച്ച് സിപിഐ എം റാന്നി ലോക്കൽ കമ്മിറ്റി. സംസ്ഥാനത്തെ എല്ലാ ലോക്കൽ കമ്മിറ്റികൾക്കും മാതൃകയാണിതെന്ന് ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് പറഞ്ഞു. 511 പത്രങ്ങളുടെ വാർഷിക വരിസംഖ്യയും ലിസ്റ്റും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ എമ്മിനോടുള്ള റാന്നിയിലെ പാർടി അംഗങ്ങളുടെ ആത്മാർഥ സ്നേഹമാണിത് കാണിക്കുന്നത്. പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുക വഴി സംസ്ഥാന സർക്കാരിനും വൻ ജനപിന്തുണയാണ് ലഭിച്ചതെന്നും കെ ജെ തോമസ് പറഞ്ഞു.
റാന്നി ലോക്കൽ കമ്മിറ്റിയുടെ പ്രവർത്തനം ജില്ലയിലെ പ്രവർത്തകർക്കാകെ അഭിമാനകരമായ നേട്ടമാണെന്ന് ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. ഓണക്കാലത്തെ ആഘോഷങ്ങൾ ഒഴിവാക്കി പാർടി പ്രവർത്തകരെല്ലാം ആത്മാർഥതയോടെ ദേശാഭിമാനിക്കായി പ്രവർത്തനം നടത്തിയതിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ എം ഏരിയ കമ്മിറ്റി അംഗം ടി എൻ ശിവൻകുട്ടി അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം രാജു ഏബ്രഹാം, ഏരിയ കമ്മിറ്റി അംഗം ശശികല രാജശേഖരൻ, ലോക്കൽ സെക്രട്ടറി ബിനോയി കുര്യാക്കോസ്, ബെന്നി പുത്തൻപറമ്പിൽ, ജിതിൻ രാജ് എന്നിവർ സംസാരിച്ചു.