മനാമ > സൗദിയില് സ്വകാര്യ, ഇന്റര്നാഷണല് സ്കൂളുകളിലെ ജോലികള് സ്വദേശിവല്ക്കരിക്കുന്നതിന്റെ ആദ്യ ഘട്ടം തുടങ്ങി. സ്വദേശികള്ക്ക് സ്വകാര്യ മേഖലകളില് കൂടുതല് തൊഴിലവസരങ്ങള് ഒരുക്കാന് ലക്ഷ്യമിട്ടാണ് തീരുമാനം.
ഇന്റര്നാഷണല് സ്കൂളുകളിലെ സൗദിവല്ക്കരണത്തിന്റെ ആദ്യ ഘട്ടമായി അറബി ഭാഷ, ദേശീയ ഐഡന്റിറ്റി, ഇസ്ലാമിക പഠനങ്ങള്, സാമൂഹ്യശാസ്ത്രം, കലാ വിദ്യാഭ്യാസം, ശാരീരിക വിദ്യാഭ്യാസം എന്നിവയിലാണ് സ്വദേശിവല്ക്കരണം നടപ്പാക്കുക. സ്വകാര്യ സ്കൂളുകളില് ഗണിതം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം, ശാസ്ത്രം, കമ്പ്യൂട്ടര് എന്നിവയുള്പ്പെടെ എല്ലാ വിഭാഗങ്ങളിലും സൗദിവല്ക്കരണ നിരക്ക് വര്ധിപ്പിക്കും.
വിവിധ ഘട്ടങ്ങളായാണ് സ്വദേശിവല്ക്കരണം നടപ്പാക്കുന്നത്. നടപടിക്രമ മാനുവലില് സൂചിപ്പിച്ച പ്രകാരം സ്വദേശിവത്കരണ അനുപാതം സ്കൂള് മാനേജ്മെന്റുകള് പാലിക്കണം. നിയമിക്കുന്നവര്ക്ക് സോഷ്യല് ഇന്ഷുറന്സില് രജിസ്റ്റര് ചെയ്ത പ്രതിമാസ വേതനം നല്കണം. തീരുമാനം ലംഘിക്കുന്ന സ്ഥാപനങ്ങള്ക്ക് പിഴയുണ്ടാകുമെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. ബാച്ചിലര് ബിരുദമോ അതിന് തുല്യമോ ഉള്ളവര്ക്ക് വേതനം 5000 സൗദി റിയാലില് കുറയരുത്. കുറഞ്ഞ വേതനം ലഭിക്കുന്നവരെ സ്വദേശിവല്ക്കരണ അനുപാതത്തില് കണക്കാക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
വരുന്ന മൂന്നു വര്ഷത്തിനുള്ളില് പൊതുവിദ്യാഭ്യാസ മേഖലയില് 28,000 തൊഴിലവസരങ്ങള് സൃഷ്ടിക്കാനായി വിവിധ വിഷയങ്ങളില് നിശ്ചിത ശതമാനം ജോലികള് സ്വദേശിവല്ക്കരിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില് മന്ത്രിതല തീരുമാനം കഴിഞ്ഞ മെയ് ഏഴിന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്രാജ്ഹി പ്രഖ്യാപിച്ചിരുന്നു.