കോഴിക്കോട് > എംഎസ്എഫ് നേതാക്കൾ ലൈംഗികാധിക്ഷേപം നടത്തിയതിനെതിരായ പരാതി പിൻവലിക്കില്ലെന്ന്ഹരിത. വനിതാകമീഷന് നൽകിയ പരാതി പിൻവലിക്കാനുള്ള മുസ്ലിംലീഗ് നിർദേശമാണ് ഹരിത തള്ളിയത്. ഇതോടെ ലീഗ് നേതൃത്വം കുരുക്കിലായി.
ആരോപണവിധേയനായ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസടക്കമുള്ളവർക്കെതിരെ സംഘടനാ നടപടി സ്വീകരിക്കാത്തതാണ് ഹരിത പരാതി പിൻവലിക്കാതിരിക്കാൻ കാരണം. ഫേസ്ബുക്കിലൂടെ ഖേദം പറയുക എന്നതായിരുന്നു നവാസിന് ലീഗ് നൽകിയ ‘ശിക്ഷ’.
ഹരിതയുടെ പത്ത് പ്രവർത്തകർ പരാതി പിൻവലിക്കുമെന്ന് ലീഗ് നേതൃത്വം വാർത്താക്കുറിപ്പുമിറക്കി . പ്രശ്നത്തിൽ നേതൃത്വം വിവേചനപരമായി ഇടപെട്ടു എന്നാണ് ഹരിത പ്രവർത്തകരുടെ വികാരം. ആരോപണം ഉന്നയിച്ച ഹരിത പ്രവർത്തകരുമായും ആരോപണ വിധേയരായ എംഎസ്എഫ് നേതാക്കളുമായും ചർച്ച ചെയ്ത് ലീഗ് പ്രഖ്യാപിച്ച തീരുമാനമാണ് ഹരിത തളളിയിരിക്കുന്നത്.
ഒരാഴ്ച കഴിഞ്ഞിട്ടും വനിതാകമീഷന് നൽകിയ പരാതി പിൻവലിക്കാത്തതോടെ ലീഗ് നേതൃത്വം വല്ലാത്ത കുരുക്കിലാണ് പെട്ടിരിക്കുന്നത്. തുടർ നടപടികൾ ഉന്നതാധികാര സമിതി തീരുമാനിക്കുമെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. പാർട്ടി തീരുമാനിച്ചിട്ടും ഹരിത അത് പാലിച്ചിട്ടില്ല. ഇക്കാര്യം പരിശോധിക്കുമെന്നും ബഷീർ പറഞ്ഞു.