കളമശ്ശേരി> എറണാകുളം മെഡിക്കൽ കോളേജിലെ അടിയന്തരാവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്ഐ ആരോഗ്യ മന്ത്രി വീണ ജോർജിന് നിവേദനം നൽകി. എസ്എഫ്ഐ സ്റ്റേറ്റ് മെഡിക്കോസ് ഭാരവാഹി നൗഷിക്ക് , എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത് എന്നിവർ മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം സമർപ്പിച്ചു.
സൂപ്പർസ്പെഷ്യാലിറ്റി കോംപ്ലക്സ് നിർമ്മാണം പെട്ടെന്ന് പുനരാരംഭിക്കുക, വികസന പ്രവർത്തനങ്ങൾക്കായുള്ള സ്ഥലപരിമിതി കണക്കിലെടുത്ത് കൂടുതൽ ഭൂമിയേറ്റെടുക്കുക, യാത്രാക്ലേശമകറ്റാൻ മെഡിക്കൽ കോളേജിലേക്ക് കൂടുതൽ ബസ് സർവീസ് അനുവദിക്കുക, ഇൻഡോർ സ്റ്റേഡിയം കം ഓഡിറ്റോറിയം നിർമ്മാണത്തിനായി ഫണ്ട് അനുവദിക്കുക, വിദ്യാർത്ഥികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കഫറ്റേറിയയും സ്റ്റേഷനറി കടയും ആരംഭിക്കുക, കൂടുതൽ ഡിപ്പാർട്മെന്റ്, സ്റ്റാഫ്, പിജി സീറ്റ് എന്നിവ അനുവദിക്കുക, വിദ്യാർത്ഥികളുടെ ക്ലാസ്സ്റൂം സൗകര്യങ്ങൾ വർദ്ധിപ്പിക്കുക. ഹോസ്റ്റൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, ഐസൊലേഷൻ വാർഡ് കെട്ടിടം ഉടനടി നിർമ്മിക്കുക. കോളേജ് പൂർണകോവിഡ് ആശുപത്രിയാക്കാതെ ഇതരരോഗ ചികിത്സകൂടി ഉറപ്പുവരുത്തിക്കൊണ്ട് വിദ്യാർത്ഥികളുടെ ഭാവി ഭദ്രമാക്കുക തുടങ്ങിയ ആവശ്യങ്ങഹ നിവേദനത്തിൽ ഉന്നയിച്ചു.
ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.