തിരുവനന്തപുരം: സ്പ്രിംഗ്ളർ വിഷയത്തിൽ പുതിയസമിതി റിപ്പോർട്ട് വന്നതിന് പിന്നാലെ പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശശിധരൻ നായർ റിപ്പോർട്ടിൽ എം. ശിവശങ്കർ കുറ്റക്കാരനല്ലെന്നത് വിചിത്രമാണെന്നും ഇത് മുഖ്യമന്ത്രിയെ രക്ഷിക്കാൻ വേണ്ടിയിട്ടാണെന്നും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്പ്രിംഗ്ളറിൽ കരാർ ഒപ്പിട്ടത് അറിഞ്ഞിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ ആരുംവിശ്വാസത്തിൽ എടുത്തിട്ടില്ല. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ചെന്നിത്തല പറഞ്ഞു.
സ്പ്രിംഗ്ളർ വിഷയത്തിൽ താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയായിരുന്നു എന്ന് മാധവൻ നമ്പ്യാർ കമ്മിറ്റിയിൽ കൂടി തെളിഞ്ഞു. സർക്കാരിനെ വെള്ള പൂശാൻ ശ്രമിച്ചെങ്കിലും അന്നത്തെ പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിയാണെന്ന് റിപ്പോർട്ടിൽ കൂടി പുറത്തു വന്നിരിക്കുന്നു. ചട്ടങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ഒരു അമേരിക്കൻ കമ്പനിക്ക് വേണ്ടി നടത്തിയ ഇടപാടുകളായിരുന്നു സ്പ്രിംഗ്ലറിൽ എന്ന് ഈ കമ്മിറ്റിക്കും സമർത്ഥിക്കേണ്ടി വന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
നടപടിക്രമങ്ങൾ പാലിക്കാതെയും ഡാറ്റാ സുരക്ഷ ഉറപ്പു വരുത്താതെയും തന്നിഷ്ട പ്രകാരമാണ് ശിവശങ്കർ കാര്യങ്ങൾ ചെയ്തത് എന്നത് ഉദ്യോഗസ്ഥ സമിതിയും ശരിവെച്ചിരിക്കുന്നു. എന്നാൽ കൗതുകകരമായ കാര്യംശിവശങ്കർ കുറ്റക്കാരനല്ല എന്നതാണെന്ന് ചെന്നിത്തല പറഞ്ഞു.
ശിവശങ്കറിനെ മാത്രമല്ല മുഖ്യമന്ത്രിയെ കൂടി രക്ഷിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ശശിധരൻ നായർ കമ്മിറ്റി റിപ്പോർട്ടിൽ കൂടി പുറത്തു വന്നിരിക്കുന്നത്. മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും എന്നും അദ്ദേഹം ചോദിച്ചു.
കോവിഡിന്റെ മറവിൽ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളറിന് വിറ്റ നടപടിയാണ് അന്നത്തെ പ്രതിപക്ഷം പുറത്തു കൊണ്ടു വന്നത്. ഇതിനെ പറ്റി അന്വേഷിക്കാൻ ഒരു യോഗ്യതയും ഇല്ലാത്ത ഒരു സമിതിയാണ് ശശിധരൻനായർ സമിതി.
ഇന്ത്യയിലെ തന്നെ ഐടി സെക്രട്ടറിയായിരുന്നു മാധവൻ നമ്പ്യാരും ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന, ലോക പ്രശസ്തനായ ഐടി വിദഗ്ദൻ ഗുൽഷൻ റായും കൊടുത്ത റിപ്പോർട്ടിനെ അട്ടിമറിച്ചു കൊണ്ട് തങ്ങൾക്ക് വേണ്ടി മംഗളപത്രമെഴുതുന്ന ഒരു സമിതിയെ വെച്ച് അന്വേഷണം നടത്തി വെള്ള പൂശുന്ന ഈ നടപടി അങ്ങേയറ്റത്തെ പ്രതിഷേധാർഹമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശശിധരൻ നായർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്നും ഇതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Ramesh chennithala press meet – sprinkler report