തിരുവനന്തപുരം: 2021 നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നേതാക്കളുടെ നയവ്യതിയാനങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ ചൂണ്ടിക്കാട്ടി സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ഘടകകക്ഷി സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഇടങ്ങളിൽ ചില പാർട്ടി നേതാക്കൾ നേരിട്ട് പണം വാങ്ങി എന്നാണ് അവലോകന റിപ്പോർട്ടിൽ പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യം.
തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം നേതാക്കൾ ഘടകകക്ഷി പാർട്ടികളുടെ കൈയിൽ നിന്ന് നേരിട്ട് പണം വാങ്ങുന്നു എന്ന ആരോപണം പല ജില്ലകളിൽ നിന്നും ഉയർന്നിരുന്നു. ഇത് ശരിവെക്കും വിധത്തിലുള്ളതാണ് അവലോകന റിപ്പോർട്ട്. ഇത് പാർട്ടി തുടരുന്ന ശൈലിയുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ചിലയിടങ്ങളിൽ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ മാറി വോട്ട് ചെയ്ത സംഭവങ്ങളും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ പരിശോധിച്ച് തിരുത്തണമെന്നും അവലോകന റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
സ്ഥാനാർത്ഥി നിർണ്ണയത്തിന് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങൾ വഴി വ്യക്തികളെ തേജോവധം ചെയ്യുന്ന പ്രചരണ ശൈലിയുണ്ട്. ചിലയിടങ്ങളിൽ ബൂർഷ്വാ പാർട്ടികളെ പോലെ സ്ഥാനാർത്ഥിയാകാൻ വേണ്ടി മുൻകൂർ പ്രവർത്തനങ്ങളും ചരടുവലികളും നടത്തുന്ന ചിലരും പാർട്ടിയിലുണ്ട്. സ്ഥാനാർത്ഥിത്വം ലഭിക്കാൻ മതനേതാക്കളെ കൊണ്ട് ശുപാർശ ചെയ്യിക്കുന്നവരും പാർട്ടിയിൽ ഉണ്ട് എന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്
മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഇത്തരം ദൗർബല്യങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്.
Content Highlights: Kerala assembly election – 2021: CPM Election analysis report