““ഇതുവരെ (വിരാട് കോഹ്ലി) പുറത്താക്കാനുള്ള വഴികൾ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്, അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിലെ ഒരു മികച്ച കളിക്കാരനായതിനാൽ അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കാനും നിശബ്‌ധനാക്കാനുമുള്ള വഴികൾ ഞങ്ങൾ കണ്ടെത്തി. അതേ സമ്മർദ്ദം നിലനിർത്തി മുന്നോട്ട് പോകാം എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് നാലാം ടെസ്റ്റിന് രണ്ട് ദിവസം മുമ്പ് പത്രസമ്മേളനത്തിൽ പറഞ്ഞതാണ് ഇത്.
ഒറ്റ നോട്ടത്തിൽ കോഹ്ലി ഓഫ് സ്റ്റമ്പിന് പുറത്തുവരുത്തുന്ന വീഴ്ചകളാണ് കോഹ്‌ലിയെ പ്രശ്നത്തിലാക്കുന്നത് എന്ന് തോന്നിയേക്കാം, എന്നാൽ ഇംഗ്ലണ്ട് ബോളർമാർക്ക് ആ പ്രദേശത്തു സമ്മർദ്ദത്തിലാക്കാനുള്ള പ്രത്യേക മാർഗങ്ങളുണ്ട് എന്നതാണ് വസ്തുത.
ജെയിംസ് ആൻഡേഴ്സണിന്റെ വോബിൾ ബോളുകൾ എങ്ങോട്ടാണ് പോകുന്നതെന്ന് അറിയാതെ കോഹ്‌ലിയെ വിഷമിപ്പിച്ചിട്ടുണ്ട്, അവ പലപ്പോഴും സംശയത്തോടെയുള്ള ഡിഫെൻസ് ഷോട്ടുകളിലാണ് അവസാനിച്ചത്. ഒലി റോബിൻസണിന്റെ അധിക ബൗൺസുകളോടെയുള്ള പന്തുകളും കോഹ്‌ലിക്ക് എതിരെ വിജയമായിരുന്നു. ഇടം കയ്യനായ സാം കറൻ ആകട്ടെ കോഹ്‌ലിയുടെ ക്ഷമ നന്നായി പരീക്ഷിക്കുകയും ഔട്ട്സൈഡ് ഓഫ് ഡെലിവറികളിലൂടെ പിഴവ് കണ്ടെത്തുകയും ചെയ്തു.
ഇംഗ്ലണ്ടിൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നായി കോഹ്ലി 277 പന്തുകളാണ് നേരിട്ടത്. അതിൽ നിന്ന് 16 ബൗണ്ടറികളാണ് കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ബൗണ്ടറി ശതമാനം 5.78 ഉം, സ്ട്രൈക്ക് റേറ്റ് 44.76 മാണ്. ടെസ്റ്റ് ക്രിക്കറ്റിൽ സ്ട്രൈക്ക് റേറ്റ് കൂടുതൽ ബാധകമാകുന്നത് ബോളർമാർക്കാണ്, ഇവിടെ കോഹ്‌ലിയുടെ ബൗണ്ടറി ശതമാനം അദ്ദേഹത്തിന്റെ മോശം ബാറ്റിങ് പ്രകടനത്തിനെ അത്ര പ്രതിഫലിപ്പിക്കുന്നില്ല.
2018ൽ അഞ്ചു ടെസ്റ്റിൽ നിന്നും രണ്ട് സെഞ്ചുറികൾ ഉൾപ്പടെയായി 593 റൺസ് നേടിയപ്പോൾ കോഹ്ലി നേരിട്ടത് 1,025 പന്തുകളായിരുന്നു, അതിൽ നിന്നും 67 ഫോറുകളും ഒരു സിക്സറുമാണ് നേടിയത്. അപ്പോഴത്തെ ബൗണ്ടറി ശതമാനം 6.63 ആയിരുന്നു. ഇപ്പോൾ മൂന്ന് മത്സരങ്ങളിൽ നിന്നുള്ളതിനേക്കാൾ നല്ല ശതമാനമാണ് അത്, അന്ന് സ്ട്രൈക്ക് റേറ്റ് 57.58 ആയിരുന്നു. കൂടുതൽ നേരം ക്രീസിൽ തുടരുന്നതിന്റെ പ്രതിഫലനമാണ് ഈ സംഖ്യകൾ.
ഇത്തവണ കോഹ്‌ലിക്ക് പരമ്പരയിൽ ഇതുവരെ ഒരു അർദ്ധ സെഞ്ചുറിക്ക് അപ്പുറം മുന്നേറാൻ കഴിയാത്തത് ഇംഗ്ലണ്ട് ബോളർമാർ നൽകിയ നിരന്തര സമ്മർദ്ദം കാരണമാണ്.
ട്രെന്റ്ബ്രിഡ്ജിലെ ആദ്യ ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ മാത്രം കളിച്ച കോഹ്ലി അതിൽ ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു. ആൻഡേഴ്സണിന്റെ പന്തിൽ ജോ റൂട്ടിന് ക്യാച്ച് നൽകിയായിരുന്നു മടക്കം. ലോർഡ്സിലും ആദ്യ ഇന്നിങ്സിൽ ഒലി റോബിൻസണിന്റെ പന്തിൽ ജോ റൂട്ടിന് ക്യാച്ച് നൽകി പുറത്തായി രണ്ടാം ഇന്നിങ്സിൽ സാം കറന് ക്യാച്ച് നൽകി ആയിരുന്നു മടക്കം. ലീഡ്‌സിലേക്ക് വന്നപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല, ആദ്യ ഇന്നിങ്സിൽ ആൻഡേഴ്സണിന്റെ പന്തിലും രണ്ടാം ഇന്നിങ്സിൽ റോബിൻസണിന്റെ പന്തിലും പുറകിൽ ക്യാച്ച് നൽകി പുറത്തായി. രണ്ടാം ഇന്നിങ്സിലെ പുറത്താകൽ ഇംഗ്ലണ്ട് ബോളർമാർ എത്രത്തോളം കോഹ്‌ലിയെ സമ്മർദ്ദത്തിലാക്കി എന്നതിന് ഉദാഹരണമാണ്.
മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ആൻഡേഴ്സണും സംഘവും ലൈനിലും ലെങ്ങ്തിലും പിഴവ് വരുത്തിയപ്പോൾ കോഹ്ലി അത് പൂർണമായും ഉപയോഗിച്ചു. പന്തിന് അധികം സ്വിങ്ങും ലഭിച്ചിരുന്നില്ല. എന്നാൽ നാലാം ദിനം റൂട്ട് ന്യൂ ബോൾ എടുത്തതോടെ കളിമാറി. ഇംഗ്ലണ്ട് ബോളർമാർ കൃത്യം സ്ഥലങ്ങളിൽ പന്തെറിഞ്ഞു. ആദ്യ മൂന്ന് ഓവറുകളിൽ റൺസ് ഒന്നും നേടാനായില്ല അതോടെ പുജാരയും കോഹ്‌ലിയും സമ്മർദ്ദത്തിലായി വിക്കറ്റുകളും നഷ്ടമായി.
വെല്ലുവിളികൾ നേരിടാൻ തയ്യാറാണെന്നാണ് കോഹ്ലി മൂന്നാം മത്സരത്തിന് ശേഷം പറഞ്ഞത്. “നമ്മൾ കൂടുതൽ ഏകാഗ്രത പാലിക്കേണ്ടതുണ്ട്, അത് ഒരു അവസരമായി എടുക്കണം; നമ്മുടെ സ്വഭാവത്തിന്റെയും ക്ഷമയുടെയും നിശ്ചയദാർഢ്യത്തിന്റെയും പരീക്ഷണമായി,” കോഹ്ലി പറഞ്ഞു.
The post കോഹ്‌ലിയെ നിശബ്‌ധനാക്കുന്ന ഇംഗ്ലണ്ട് ബോളിങ് തന്ത്രം appeared first on Indian Express Malayalam.