കൊല്ലം
ഉറപ്പുള്ള നിയമസഭാ സീറ്റുണ്ടെങ്കിലേ യുഡിഎഫിൽ തുടരേണ്ടതുള്ളു എന്ന തീരുമാനം ഉഭയകക്ഷി ചർച്ചയിൽ ഉന്നയിക്കാനൊരുങ്ങി ആർഎസ്പി. തമ്മിലടിച്ച് ഒരുവഴിക്കായ കോൺഗ്രസ് നേതൃത്വത്തിന് ഈ ആവശ്യം പരിഗണിക്കൽ കീറാമുട്ടിയാകും. ഇതോടെ ആറിന് തിരുവനന്തപുരത്ത് കോൺഗ്രസുമായി നടക്കുന്ന ഉഭയകക്ഷി ചർച്ച പ്രഹസനമാകും. നിയമസഭാ തെരഞ്ഞെടുപ്പിൽ ചവറ, ഇരവിപുരം, കുന്നത്തൂർ, ആറ്റിങ്ങൽ, കയ്പമംഗലം സീറ്റുകളാണ് ആർഎസ്പിക്ക് നൽകിയത്. പിന്നീട് കയ്പമംഗലത്തിനു പകരം മട്ടന്നൂരും നൽകി. ആർഎസ്പി എല്ലാ സീറ്റിലും പരാജയപ്പെട്ട് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങി.
യുഡിഎഫിന്റെ ഭാഗമായി മുന്നോട്ടുപോകാൻ കഴിയാത്ത അകൽച്ചയിലാണ് പ്രാദേശികതലത്തിൽ ആർഎസ്പി പ്രവർത്തകർ. സീറ്റിനപ്പുറം ആർഎസ്പിയുടെ നഷ്ടപ്പെട്ട ഇടതുപക്ഷ മുഖം വീണ്ടെടുക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. ഇടതുപക്ഷ, വലതുപക്ഷ നേതാക്കൾ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഒരു പ്രത്യേക സാഹചര്യത്തിൽ യുഡിഎഫുമായി സഹകരിച്ചതാണെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് കഴിഞ്ഞ ദിവസം പറഞ്ഞത് ഇതിന്റെ ഭാഗമാണ്. നാലിനു ചേരുന്ന ആർഎസ്പി സംസ്ഥാന കമ്മിറ്റി യോഗത്തിലും കോൺഗ്രസിന് എതിരായ വികാരം ഉയരും.
എന്തും സഹിച്ച് തുടരില്ല: എൻ കെ പ്രേമചന്ദ്രൻ
യുഡിഎഫിൽ തുടരുന്നതിൽ ആർഎസ്പി തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എൻ കെ പ്രേമചന്ദ്രൻ എംപി. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് പാർടി തീരുമാനിച്ചതാണ്. എന്തും സഹിച്ച് തുടരില്ലെന്നതിന്റെ മുന്നറിയിപ്പാണിത്. നിരന്തരം തോൽക്കുന്ന സീറ്റുമായി മുന്നോട്ടുപോകാനാകില്ല. പുനർചിന്തനം വേണം. കെപിസിസി പ്രസിഡന്റിന്റെ അസൗകര്യം പറഞ്ഞാണ് ഉഭയകക്ഷി ചർച്ച രണ്ടുതവണ മാറ്റിവച്ചത്. ചർച്ചയിലെ നിലപാട് നോക്കട്ടെ. ഈ അവസ്ഥയിൽപോയാൽ കോൺഗ്രസ് ശിഥിലമാകും. എങ്കിൽ കൂടെ നിൽക്കാൻ ലീഗ് പോലും തയ്യാറാകില്ല. പാർടി സമ്മേളനങ്ങളോടെ വ്യക്തമായ നിലപാടെടുക്കുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.