കൊച്ചി
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (കെഎടി) ചെയർമാനായി ജസ്റ്റിസ് സി കെ അബ്ദുൽ റഹിമിനെ കേന്ദ്രസർക്കാർ നിയമിച്ചു. കേരള ഹൈക്കോടതി മുൻ ജഡ്ജിയും ആക്ടിങ് ചീഫ് ജസ്റ്റിസുമായിരുന്നു. നാലുവർഷത്തേക്കാണ് നിയമനം.
പെരുമ്പാവൂരിനടുത്ത് വെങ്ങോല സ്വദേശിയാണ് ജസ്റ്റിസ് അബ്ദുൽ റഹിം. റിട്ട. സെയിൽസ് ടാക്സ് ഡെപ്യൂട്ടി കമീഷണർ പരേതനായ ആലി പിള്ളയുടെയും കുഞ്ഞു ബീപാത്തുവിന്റെയും മകനായ ഇദ്ദേഹം, 25 വർഷം കേരള ഹൈക്കോടതി അഭിഭാഷകനായിരുന്നു. 2009ൽ ജഡ്ജിയായി. 2020 മെയ് മാസം വിരമിച്ചു. ഭാര്യ: നസീറ. മക്കൾ: ഫൈറൂസ് എ റഹിം, ഫസ്ലീൻ എ റഹിം, ഫർഹാന എ റഹിം. മരുമക്കൾ: ഡോ. അസർ നവീൻ സലിം, മുഹസിൻ ഹാറൂൺ, ഫാത്തിമ ലുലു.
ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും നിരന്തരമായ ഇടപെടലിനെ തുടർന്നാണ് കേന്ദ്രസർക്കാർ ചെയർമാനെ നിയമിച്ചത്. ചെയർമാനായിരുന്ന മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി ആർ രാമചന്ദ്രൻനായർ 2020 സെപ്തംബറിൽ വിരമിച്ചു. 2020 ജൂലൈയിൽ ജസ്റ്റിസ് അബ്ദുൽ റഹിമിന്റെ പേര് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശുപാർശ ചെയ്തു. സംസ്ഥാന മന്ത്രിസഭയുടെയും ഗവർണറുടെയും അംഗീകാരത്തോടെ രാഷ്ട്രപതിയുടെ ഉത്തരവിനായി 2020ൽത്തന്നെ കേന്ദ്രസർക്കാരിന് സമർപ്പിച്ചു. ഇതിനിടെ ട്രിബ്യൂണലിൽ മൂന്ന് അംഗങ്ങളുടെ കാലാവധിയും അവസാനിച്ചു. ട്രിബ്യൂണലിന്റെ പ്രവർത്തനം നിലയ്ക്കുന്ന സാഹചര്യത്തിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ എറണാകുളം അഡ്വക്കറ്റ്സ് അസോസിയേഷൻ ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയിൽ ചെയർമാന്റെ നിയമനകാര്യത്തിൽ നിശ്ചിതദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഉത്തരവിട്ടിരുന്നു.
കോടതി നിശ്ചയിച്ച കാലാവധി കഴിഞ്ഞിട്ടും തീരുമാനം എടുക്കാത്തതുകൊണ്ട് കോടതിയലക്ഷ്യഹർജി ഫയൽ ചെയ്ത് കേന്ദ്രത്തിന് ഹൈക്കോടതി നോട്ടീസ് അയച്ചു.
അടിയന്തരമായി ഒഴിവ് നികത്തണമെന്ന് സുപ്രീംകോടതിയും കേന്ദ്രസർക്കാരിനോട് നിർദേശിച്ചു. തുടർന്നാണ് നിയമന ഉത്തരവ് ഇറക്കിയത്.