തിരുവനന്തപുരം
യുഡിഎഫ് വിടാൻ മടിക്കില്ലെന്ന മുന്നറിയിപ്പുമായി ആർഎസ്പി. ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റിനിർത്തി മുന്നോട്ടുപോകാനാകില്ലെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷി ഉപനേതാവ് എം കെ മുനീർ. കോൺഗ്രസിലെ രൂക്ഷമായ ഏറ്റുമുട്ടലിനെതിരെ ഘടകകക്ഷികളും കടുത്ത പ്രതികരണവുമായി രംഗത്ത് വന്നതോടെ യുഡിഎഫിൽ പ്രതിസന്ധി മൂർച്ഛിച്ചു.
കോൺഗ്രസ് മുങ്ങുകയല്ല, മനഃപൂർവം മുക്കുകയാണെന്നും അത് ബോധ്യമായിട്ട് ആരെങ്കിലും ഒപ്പംനിൽക്കുമോയെന്നും ആർഎസ്പി നേതാവ് ഷിബു ബേബിജോൺ ചോദിച്ചു. ആർഎസ്പിയുമായി ചർച്ച നടത്തുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചശേഷമാണ് ഷിബുവിന്റെ രൂക്ഷ പ്രതികരണം. മുന്നണി വിടാനും മടിക്കേണ്ടെന്ന ആർഎസ്പിയിലെ പൊതുവികാരമാണ് ഷിബുവിന്റെ വാക്കുകളെന്ന് രാഷ്ട്രീയകേന്ദ്രങ്ങൾ വിലയിരുത്തുന്നു. യുഡിഎഫ് യോഗത്തിൽനിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നാണ് ആർഎസ്പി നേതൃത്വം അറിയിച്ചത്. ശനിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയറ്റിൽ മറ്റു കാര്യങ്ങൾ തീരുമാനിക്കും.
കോൺഗ്രസിലെ പ്രശ്നങ്ങളിൽ മുസ്ലിംലീഗ് നേതൃത്വം വ്യത്യസ്ത ചേരിയിലാണ്. തർക്കം പരിഹരിച്ച് എല്ലാവരും ഒന്നിച്ചുപോകണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിലപാടെടുത്തു. എന്നാൽ, ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും തള്ളാൻ എം കെ മുനീർ തയ്യാറല്ല. അതേസമയം, പുതിയ നേതൃത്വത്തെ അവഗണിക്കാനുമില്ലെന്നാണ് നിലപാട്. ഉമ്മൻചാണ്ടിക്കൊപ്പം എല്ലാക്കാലത്തും നിലയുറപ്പിച്ചിരുന്ന ലീഗിൽ ചാഞ്ചാട്ടം രൂപപ്പെടുന്നതായാണ് കെപിസിസി നേതൃത്വം വിലയിരുത്തുന്നത്. ലീഗ് ഒപ്പംനിന്നാൽ പാർടിയിലെ എതിർശബ്ദം അടിച്ചമർത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് കെ സുധാകരനും വി ഡി സതീശനും.
സംഘടനാ തെരഞ്ഞെടുപ്പിന് കരുത്തുണ്ടോ ?
മുതിർന്ന നേതാക്കളെ മൂലയ്ക്കിരുത്തി പാർടി കൈപ്പിടിയിലാക്കാമെന്ന് മോഹിക്കുന്നവരോട് സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുണ്ടോയെന്ന് ഗ്രൂപ്പുകളുടെ വെല്ലുവിളി.
ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ച് ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയുണ്ടാക്കിയ കെ സുധാകരന്റെയും വി ഡി സതീശന്റെയും മിടുക്ക് പാർടിയിൽ തെരഞ്ഞെടുപ്പ് നടത്തി തെളിയിക്കട്ടേയെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ നിലപാട്. ബൂത്തുതലംമുതൽ തെരഞ്ഞെടുപ്പ് നടത്തട്ടെ. ഭീഷണിപ്പെടുത്തിയും സ്ഥാനം വാഗ്ദാനം ചെയ്തും നേതാക്കളെ അടർത്താം.
സാധാരണ പ്രവർത്തകരെ കിട്ടില്ല. കോൺഗ്രസിനെ കെട്ടിപ്പടുത്ത മുതിർന്ന നേതാക്കൾക്കുള്ള പിന്തുണ അപ്പോൾ കാണാമെന്നാണ് വെല്ലുവിളി. സസ്പെൻഷനിലായ ശിവദാസൻനായരാണ് സംഘടനാ തെരഞ്ഞെടുപ്പ് ആദ്യം മുന്നോട്ട് വച്ചതെങ്കിലും കൂടുതൽ നേതാക്കൾ ഈ ആവശ്യവുമായി രംഗത്തുവന്നു. നേരത്തേ എതിർത്ത ഗ്രൂപ്പ് നേതാക്കളടക്കം ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി. കെപിസിസിക്കും ഹൈക്കമാൻഡിനും കത്ത് കൊടുക്കാനും ഒരുങ്ങുകയാണ് നേതാക്കൾ. കെ സി വേണുഗോപാലിന്റെയടക്കം കാർമികത്വത്തിൽ രൂപീകരിച്ച പുതിയ ചേരി ഒന്നുമല്ലെന്ന് തെരഞ്ഞെടുപ്പിലൂടെ തെളിയും. ബൂത്തുതല തെരഞ്ഞെടുപ്പിൽത്തന്നെ അത് വ്യക്തമാകും. 1992ന് ശേഷം കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കെ സുധാകരൻ കണ്ണൂരിൽ ഡിസിസി അധ്യക്ഷനായി വിജയിച്ചത് ഗ്രൂപ്പുകൾക്കകത്തുണ്ടായ കാലുവാരൽമൂലമാണെന്നും ഐ ഗ്രൂപ്പ് നേതാവ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ഹൈക്കമാൻഡ് അനുവദിക്കില്ലെന്ന വാദമാകും സുധാകരൻ ഉന്നയിക്കുകയെന്നും ഗ്രൂപ്പ് നേതാക്കൾ പറയുന്നു.