കൊച്ചി
വിദേശത്തേക്കുള്ള കപ്പൽ ചരക്കുകൂലി ഷിപ്പിങ് കമ്പനികൾ ആറിരട്ടിയോളം കൂട്ടിയതിനെ തുടർന്ന് ഇന്ത്യയിൽനിന്നുള്ള കയറ്റുമതി നിലയ്ക്കുന്നു. കയർ, സമുദ്രോൽപ്പന്നം, ഭക്ഷ്യ സംസ്കരണം, സുഗന്ധവ്യഞ്ജനം തുടങ്ങി വിവിധ മേഖലകൾ സ്തംഭിച്ചു. ചരക്കുകൾ കെട്ടിക്കിടക്കുകയാണ്. ഇത് നൂറുകണക്കിന് പേരുടെ തൊഴിൽ ഇല്ലാതാക്കി. കണ്ടെയ്നർ ക്ഷാമമാണ് നിരക്ക് വർധനവിന് കാരണമായി പറയുന്നത്. ഇറക്കുമതി ചെലവ് കൂടിയത് കളിപ്പാട്ടം മുതൽ കംപ്യൂട്ടർവരെയുള്ള ഉൽപ്പന്നങ്ങളുടെ വില വർധനയ്ക്കും ഇടയാക്കും. 2025ഓടെ ഒരു ലക്ഷം കോടി ഡോളറിന്റെ കയറ്റുമതി ലക്ഷ്യമിടുന്നതായി പറയുന്നുണ്ടെങ്കിലും, പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് കയറ്റുമതിക്കാർ പറയുന്നു.
കോവിഡ് വ്യാപനത്തിന് മുമ്പ് രണ്ട് ലക്ഷം രൂപയ്ക്ക് വിദേശത്തേക്ക് അയച്ചിരുന്ന ഒരു കണ്ടെയ്നറിന് കൂലിയായി ഇപ്പോൾ 12 ലക്ഷം രൂപവരെ കൊടുക്കേണ്ടി വരുന്നു. കൊച്ചിയിൽനിന്നും ചൈനയിലെ ഷാങ്ഹായിലേക്കുള്ള നിരക്ക് 1200, 1500 ഡോളറായിരുന്നത് ഇപ്പോൾ 5000, 6000 ഡോളർവരെയായി. കൊച്ചി ദുബായ് കണ്ടെയ്നർ നിരക്ക് 300, 350 ഡോളറിൽനിന്ന് 1000 ഡോളറും കൊച്ചി കൊളംബോ നിരക്ക് 1500, 2000 ഡോളറുമായി വർധിച്ചു.
കോവിഡ്മൂലം വിദേശത്തെ ഇറക്കുമതി സ്ഥാപനങ്ങൾ പലതും പൂട്ടിപ്പോയതിനാൽ അയക്കുന്ന കണ്ടെയ്നറുകൾ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നതാണ് കണ്ടെയ്നർ ക്ഷാമത്തിന് പ്രധാന കാരണമായി പറയുന്നത്. ചൈനയിൽ നിന്നടക്കമുള്ള ഇറക്കുമതി കുറഞ്ഞതും കണ്ടെയ്നർ ക്ഷാമം രൂക്ഷമാക്കിയതായി കയറ്റുമതിക്കാരുടെ സംഘടന ‘കേരള എക്സ്പോർട്ടേഴ്സ് ഫോറം’ വ്യക്തമാക്കി. കണ്ടെയ്നർ ക്ഷാമം പറഞ്ഞ് ഷിപ്പിങ് കമ്പനികൾ ഇപ്പോൾ തോന്നുംപോലെയാണ് വാടക ഈടാക്കുന്നതെന്ന് കൊച്ചിയിലെ റോയൽ ഗ്ലോബേലിയ മാരിടൈം സൊലൂഷൻസ് ഡയറക്ടർ ഹരികുമാർനായർ പറഞ്ഞു. മറ്റ് തുറമുഖങ്ങളിൽ കൂടുതൽ ലാഭം കിട്ടുന്നതിനാൽ കൊച്ചിയിലേക്ക് കണ്ടെയ്നർ നൽകാൻ കപ്പൽ കമ്പനികൾക്ക് താൽപ്പര്യവുമില്ല.
ആവശ്യക്കാർക്ക് സമയത്ത് ചരക്ക് എത്തിക്കാനാകാതെ ഇടപാട് നഷ്ടപ്പെടുകയാണ്. ഇത്രയും വലിയ പ്രതിസന്ധി മുമ്പ് ഉണ്ടായിട്ടില്ലെന്ന് കൊച്ചിയിലെ ട്രാവൻകൂർ സോൾവന്റ്സ് ആൻഡ് ഓയിൽസ് ഉടമ ഷെഫീഖ് അഹമ്മദ് പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് കേരള എക്സ്പോർട്ടേഴ്സ് ഫോറം ഓണററി സെക്രട്ടറി മുൻഷിദ് അലി ആവശ്യപ്പെട്ടു.